reltext

Chapter 1

1 യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു:

2 രൂബേൻ, ശിമെയോൻ, ലേവി,

3 യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ

4 ദാൻ, നഫ്താലി, ഗാദ്, ആശേർ.

5 യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.

6 യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.

7 യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വൎദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

8 അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.

9 അവൻ തന്റെ ജനത്തോടു: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.

10 അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേൎന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.

11 അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.

12 എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വൎദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.

13 മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

14 കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവൎത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.

15 എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികൎമ്മിണികളോടു:

16 എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികൎമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.

17 സൂതികൎമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.

18 അപ്പോൾ മിസ്രയീം രാജാവു സൂതികൎമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.

19 സൂതികൎമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികൎമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.

20 അതുകൊണ്ടു ദൈവം സൂതികൎമ്മിണികൾക്കു നന്മചെയ്തു; ജനം വൎദ്ധിച്ചു ഏറ്റവും ബലപ്പെട്ടു.

21 സൂതി കൎമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവൎക്കു കുടുംബവൎദ്ധന നല്കി.

22 പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.

Chapter 2

1 എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.

2 അവൾ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവൻ സൌന്ദൎയ്യമുള്ളവൻ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.

3 അവനെ പിന്നെ ഒളിച്ചുവെപ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.

4 അവന്നു എന്തു ഭവിക്കുമെന്നു അറിവാൻ അവന്റെ പെങ്ങൾ ദൂരത്തു നിന്നു.

5 അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തുകൊണ്ടുവരുവാൻ ദാസിയെ അയച്ചു.

6 അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്കു അതിനോടു അലിവുതോന്നി: ഇതു എബ്രായരുടെ പൈതങ്ങളിൽ ഒന്നു എന്നു പറഞ്ഞു.

7 അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോടു: ഈ പൈതലിന്നു മുല കൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചുകൊണ്ടുവരേണമോ എന്നു ചോദിച്ചു.

8 ഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടുവരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.

9 ഫറവോന്റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളൎത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളൎത്തി.

10 പൈതൽ വളൎന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു പേരിട്ടു.

11 ആ കാലത്തു മോശെ മുതിൎന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു.

12 അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു.

13 പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.

14 അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാൎയ്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.

15 ഫറവോൻ ഈ കാൎയ്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാൎത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.

16 മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.

17 എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.

18 അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്ര വേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.

19 ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു.

20 അവൻ തന്റെ പുത്രിമാരോടു: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു.

21 മോശെക്കു അവനോടുകൂടെ പാൎപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറയെ കൊടുത്തു.

22 അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവൻ പറഞ്ഞു അവന്നു ഗേൎശോം എന്നു പേരിട്ടു.

23 ഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീൎപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.

24 ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓൎത്തു.

25 ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.

Chapter 3

1 മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പൎവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു.

2 അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടൎപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടൎപ്പു തീ പിടിച്ചു കത്തുന്നതും മുൾപടൎപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.

3 മുൾപടൎപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.

4 നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടൎപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.

5 അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.

6 ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.

7 യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.

8 അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തു നിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോൎയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.

9 യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.

10 ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.

11 മോശെ ദൈവത്തോടു: ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.

12 അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പൎവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.

13 മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.

14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.

15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.

16 നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദൎശിക്കുന്നു.

17 മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ, അമോൎയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.

18 എന്നാൽ അവർ നിന്റെ വാക്കു കേൾക്കും. അപ്പോൾ നീയും യിസ്രായേൽമൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കൽ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ.

19 എന്നാൽ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു.

20 അതുകൊണ്ടു ഞാൻ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവിൽ ചെയ്‌വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെ ശേഷം അവൻ നിങ്ങളെ വിട്ടയക്കും.

21 ഞാൻ മിസ്രയീമ്യൎക്കു ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.

22 ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാൎക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.

Chapter 4

1 അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.

2 യഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു.

3 അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അതു ഒരു സർപ്പമായ്തീൎന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി.

4 യഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യിൽ വടിയായ്തീൎന്നു.

5 ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു

6 യഹോവ പിന്നെയും അവനോടു: നിന്റെ കൈ മാൎവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാൎവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.

7 നിന്റെ കൈ വീണ്ടും മാൎവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാൎവ്വിടത്തിൽ ഇട്ടു, മാൎവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.

8 എന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും.

9 ഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്കു കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിക്കേണം; നദിയിൽ നിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായ്തീരും.

10 മോശെ യഹോവയോടു: കൎത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമൎത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.

11 അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;

12 ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.

13 എന്നാൽ അവൻ: കൎത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു.

14 അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.

15 നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞുകൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും; നിങ്ങൾ ചെയ്യേണ്ടുന്നതു ഉപദേശിച്ചു തരും.

16 നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.

17 അടയാളങ്ങൾ പ്രവൎത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾക.

18 പിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്നു അവനോടു: ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു.

19 യഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു.

20 അങ്ങനെ മോശെ തന്റെ ഭാൎയ്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.

21 യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‌വാൻ ഓൎത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.

22 നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.

23 എനിക്കു ശുശ്രൂഷ ചെയ്‌വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.

24 എന്നാൽ വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.

25 അപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചൎമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.

26 ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞതു.

27 എന്നാൽ യഹോവ അഹരോനോടു: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പൎവ്വതത്തിങ്കൽവെച്ചു അവനെ എതിരേറ്റു ചുംബിച്ചു.

28 യഹോവ തന്നേ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.

29 പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.

30 യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവൎത്തിച്ചു.

31 അപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദൎശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ടു അവർ കുമ്പിട്ടു നമസ്കരിച്ചു.

Chapter 5

1 അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

2 അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.

3 അതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‌വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.

4 മിസ്രയീംരാജാവു അവരോടു: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയവേലെക്കു പോകുവിൻ എന്നു പറഞ്ഞു.

5 ദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു.

6 അന്നു ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ:

7 ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ.

8 എങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.

9 അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;

10 അവരുടെ വ്യാജവാക്കുകൾ കേൾക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: നിങ്ങൾക്കു വൈക്കോൽ തരികയില്ല;

11 നിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു.

12 അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.

13 ഊഴിയവിചാരകന്മാർ അവരെ ഹേമിച്ചു: വൈക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.

14 ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.

15 അതുകൊണ്ടു യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?

16 അടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.

17 അതിന്നു അവൻ: മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ടു: ഞങ്ങൾ പോയി യഹോവെക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങൾ പറയുന്നു.

18 പോയി വേല ചെയ്‌വിൻ; വൈക്കോൽ തരികയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കേണം താനും എന്നു കല്പിച്ചു.

19 ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു.

20 അവർ ഫറവോനെ വിട്ടു പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,

21 അവരോടു: നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

22 അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: കൎത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?

23 ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതു മുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.

Chapter 6

1 യഹോവ മോശെയോടു: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവൻ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഓടിച്ചുകളയും എന്നു അരുളിച്ചെയ്തു.

2 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.

3 ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സൎവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്താൽ ഞാൻ അവൎക്കു വെളിപ്പെട്ടില്ല.

4 അവർ പരദേശികളായി പാൎത്ത കനാൻദേശം അവൎക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.

5 മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓൎത്തുമിരിക്കുന്നു.

6 അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.

7 ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും.

8 ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്കു അവകാശമായി തരും.

9 ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു; എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.

10 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:

11 നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.

12 അതിന്നു മോശെ: യിസ്രായേൽമക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.

13 അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.

14 അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കൎമ്മി; ഇവ രൂബേന്റെ കുലങ്ങൾ.

15 ശിമെയോന്റെ മകന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌൽ; ഇവ ശിമെയോന്റെ കുലങ്ങൾ.

16 വംശപാരമ്പൎയ്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേൎശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.

17 ഗേൎശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.

18 കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തുമൂന്നു സംവത്സരം.

19 മെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി, ഇവർ വംശപാരമ്പൎയ്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.

20 അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.

21 യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.

22 ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.

23 അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാൎയ്യയായി പരിഗ്രഹിച്ചു; അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.

24 കോരഹിന്റെ പുത്രന്മാർ, അസ്സൂർ, എൽക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങൾ.

25 അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.

26 നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നേ.

27 യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.

28 യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു;

29 ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.

30 അതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.

Chapter 7

1 യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.

2 ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം.

3 എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.

4 ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽമക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.

5 അങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.

6 മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നേ ചെയ്തു.

7 അവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു.

8 യഹോവ മോശെയോടും അഹരോനോടും:

9 ഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സൎപ്പമായ്തീരും എന്നു കല്പിച്ചു.

10 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീൎന്നു.

11 അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.

12 അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീൎന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.

13 ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

14 അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാൻ അവന്നു മനസ്സില്ല.

15 രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണ്മാൻ നദീതീരത്തു നിൽക്കേണം; സർപ്പമായ്തീൎന്ന വടിയും കയ്യിൽ എടുത്തുകൊള്ളേണം.

16 അവനോടു പറയേണ്ടതു എന്തെന്നാൽ: മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.

17 ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അതു രക്തമായ്തീരും;

18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യൎക്കു അറെപ്പു തോന്നും.

19 യഹോവ പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.

20 മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീൎന്നു.

21 നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യൎക്കു കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.

22 മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

23 ഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.

24 നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഓലി കുഴിച്ചു.

Chapter 8

1 യഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.

2 നീ അവരെ വിട്ടയപ്പാൻ സമ്മതിക്കയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും.

3 നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.

4 തവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.

5 യഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.

6 അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിൻമേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.

7 മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.

8 എന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാൎത്ഥിപ്പിൻ. എന്നാൽ യഹോവെക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.

9 മോശെ ഫറവോനോടു: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന്നു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാൎക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാൎത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.

10 നാളെ എന്നു അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;

11 തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയിൽ മാത്രം ഇരിക്കും എന്നു അവൻ പറഞ്ഞു.

12 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്നു ഇറങ്ങി ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോടു പ്രാൎത്ഥിച്ചു.

13 മോശെയുടെ പ്രാൎത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.

14 അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.

15 എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.

16 അപ്പോൾ യഹോവ മോശെയോടു: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേൻ ആയ്തീരും എന്നു കല്പിച്ചു.

17 അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പേൻ ആയ്തീൎന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയ്തീൎന്നു.

18 മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവൎക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോടു:

19 ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

20 പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നിൽക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.

21 നീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാൎക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും.

22 ഭൂമിയിൽ ഞാൻ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാൎക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും.

23 എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വെക്കും; നാളെ ഈ അടയാളം ഉണ്ടാകും.

24 യഹോവ അങ്ങനെ തന്നേ ചെയ്തു: അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു.

25 അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിൻ എന്നു പറഞ്ഞു.

26 അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യൎക്കു അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗംകഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യൎക്കു അറെപ്പായുള്ളതു അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ?

27 ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു.

28 അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവെക്കു മരുഭൂമിയിൽവെച്ചു യാഗംകഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.

29 അതിന്നു മോശെ: ഞാൻ നിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാൎത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവെക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു.

30 അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാൎത്ഥിച്ചു.

31 യഹോവ മോശെയുടെ പ്രാൎത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി.

32 എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

Chapter 9

1 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.

2 വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിൎത്തിയാൽ,

3 യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധിയുണ്ടാകും.

4 യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വെക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.

5 നാളെ യഹോവ ഈ കാൎയ്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.

6 അങ്ങനെ പിറ്റേദിവസം യഹോവ ഈ കാൎയ്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.

7 ഫറവോൻ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.

8 പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈനിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.

9 അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.

10 അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീൎന്നു.

11 പരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാമിസ്രയീമ്യൎക്കും ഉണ്ടായിരുന്നു.

12 എന്നാൽ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

13 അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.

14 സൎവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും.

15 ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയുമായിരുന്നു.

16 എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സൎവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിൎത്തിയിരിക്കുന്നു.

17 എന്റെ ജനത്തെ അയക്കാതിരിപ്പാൻ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞു നിൎത്തുന്നു.

18 മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും.

19 അതുകൊണ്ടു ഇപ്പോൾ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊൾക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.

20 ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.

21 എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നേ വിട്ടേച്ചു.

22 പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീംദേശത്തുള്ള സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.

23 മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു.

24 ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.

25 മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകൎത്തുകളഞ്ഞു.

26 യിസ്രായേൽമക്കൾ പാൎത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.

27 അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ.

28 യഹോവയോടു പ്രാൎത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.

29 മോശെ അവനോടു: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലൎത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.

30 എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.

31 അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.

32 എന്നാൽ കോതമ്പും ചോളവും വളൎന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.

33 മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലൎത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല.

34 എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.

35 യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

Chapter 10

1 യഹോവ പിന്നെയും മോശെയോടു: നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും,

2 ഞാൻ മിസ്രയീമിൽ പ്രവൎത്തിച്ച കാൎയ്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.

3 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെ തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.

4 എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.

5 നിലം കാണ്മാൻ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിൎത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും.

6 നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലം മുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവൻ തിരിഞ്ഞു ഫറവോന്റെ അടുക്കൽനിന്നു പോയി.

7 അപ്പോൾ ഭൃത്യന്മാർ ഫറവോനോടു: എത്രത്തോളം ഇവൻ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.

8 അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടു: നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിൻ.

9 എന്നാൽ പോകേണ്ടുന്നവർ ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങൾക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങൾ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു.

10 അവൻ അവരോടു: ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ അന്തരം.

11 അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതല്ലോ നിങ്ങൾ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയിൽനിന്നു ആട്ടിക്കളഞ്ഞു.

12 അപ്പോൾ യഹോവ മോശെയോടു: നിലത്തിലെ സകലസസ്യാദികളും കല്മഴയിൽ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു.

13 അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രി മുഴുവനും ദേശത്തിന്മേൽ കിഴക്കൻകാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.

14 വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിൎക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.

15 അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല.

16 ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.

17 അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.

18 അവൻ ഫറവോന്റെ അടുക്കൽ നിന്നു പറപ്പെടു യഹോവയോടു പ്രാൎത്ഥിച്ചു.

19 യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.

20 എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

21 അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പൎശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.

22 മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.

23 മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്കു എല്ലാവൎക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.

24 അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നിൽക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു.

25 അതിന്നു മോശെ പറഞ്ഞതു: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവെക്കു അൎപ്പിക്കേണ്ടതിന്നു യാഗങ്ങൾക്കും സൎവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം.

26 ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടതു; ഏതിനെ അൎപ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല.

27 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവന്നു മനസ്സായില്ല.

28 ഫറവോൻ അവനോടു: എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ:

29 നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.

Chapter 11

1 അനന്തരം യഹോവ മോശെയോടു: ഞാൻ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്റെ ശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയക്കും; വിട്ടയക്കുമ്പോൾ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെ നിന്നു ഓടിച്ചുകളയും.

2 ഓരോ പുരുഷൻ താന്താന്റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാൻ നീ ജനത്തോടു പറക എന്നു കല്പിച്ചു.

3 യഹോവ മിസ്രയീമ്യൎക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.

4 മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അൎദ്ധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും.

5 അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂൽ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും.

6 മിസ്രയീംദേശത്തു എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.

7 എന്നാൽ യഹോവ മിസ്രയീമ്യൎക്കും യിസ്രായേല്യൎക്കും മദ്ധ്യേ വ്യത്യാസം വെക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നു യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായിപോലും നാവു അനക്കുകയില്ല.

8 അപ്പോൾ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കൽ വന്നു: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സൎവ്വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞു എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാൻ പുറപ്പെടും. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടുപോയി.

9 യഹോവ മോശെയോടു: മിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങൾ പെരുകേണ്ടതിന്നു ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല എന്നു അരുളിച്ചെയ്തു.

10 മോശെയും അഹരോനും ഈ അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്തു നിന്നു വിട്ടയച്ചതുമില്ല.

Chapter 12

1 യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാൽ:

2 ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം.

3 നിങ്ങൾ യിസ്രായേലിന്റെ സൎവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം.

4 ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം.

5 ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.

6 ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.

7 അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

9 തലയും കാലും അന്തൎഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു.

10 പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.

11 അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.

12 ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു.

13 നിങ്ങൾ പാൎക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.

14 ഈ ദിവസം നിങ്ങൾക്കു ഓൎമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.

15 ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം.

16 ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവൎക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.

17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം.

18 ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം.

19 ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്നു ഛേദിച്ചുകളയേണം.

20 പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.

21 അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.

22 ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.

23 യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല.

24 ഈ കാൎയ്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.

25 യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്കു തരുവാനിരിക്കുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം നിങ്ങൾ ഈ കൎമ്മം ആചരിക്കേണം.

26 ഈ കൎമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ:

27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.

28 യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു.

29 അൎദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.

30 ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലമിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല.

31 അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ.

32 നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊൾവിൻ; എന്നെയും അനുഗ്രഹിപ്പിൻ എന്നു പറഞ്ഞു.

33 മിസ്രയീമ്യർ ജനത്തെ നിൎബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്നു അയച്ചു: ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു എന്നു അവർ പറഞ്ഞു.

34 അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി.

35 യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.

36 യഹോവ മിസ്രയീമ്യൎക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവൎക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.

37 എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറു ലക്ഷം പുരുഷന്മാർ കാൽനടയായി റമസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.

38 വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു.

39 മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.

40 യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.

41 നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.

42 യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവെക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.

43 യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതു: പെസഹയുടെ ചട്ടം ഇതു ആകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു.

44 എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.

45 പരദേശിയും കൂലിക്കാരനും അതു തിന്നരുതു.

46 അതതു വീട്ടിൽവെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതിൽ ഒരു അസ്ഥിയും ഒടിക്കരുതു.

47 യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം.

48 ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാൎത്തു യഹോവെക്കു പെസഹ ആചരിക്കേണമെങ്കിൽ, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏൽക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു.

49 സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാൎക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നേ ആയിരിക്കേണം.

50 യിസ്രായേൽമക്കൾ ഒക്കെയും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു.

51 അന്നു തന്നേ യഹോവ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.

Chapter 13

1 യഹോവ പിന്നെയും മോശെയോടു:

2 യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു;

3 അപ്പോൾ മോശെ ജനത്തോടു പറഞ്ഞതു: നിങ്ങൾ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓൎത്തു കൊൾവിൻ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുതു.

4 ആബീബ് മാസം ഈ തിയ്യതി നിങ്ങൾ പുറപ്പെട്ടു പോന്നു.

5 എന്നാൽ കനാന്യർ, ഹിത്യർ, അമോൎയ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കൎമ്മം ആചരിക്കേണം.

6 ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവെക്കു ഒരു ഉത്സവം ആയിരിക്കേണം.

7 ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.

8 ഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാൎയ്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തിൽ നിന്റെ മകനോടു അറിയിക്കേണം.

9 യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു.

10 അതു കൊണ്ടു നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ഈ ചട്ടം ആചരിക്കേണം.

11 യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുചെന്നു അതു നിനക്കു തരുമ്പോൾ

12 കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവെക്കായി വേർതിരിക്കേണം; ആണൊക്കെയും യഹോവെക്കുള്ളതാകുന്നു.

13 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം.

14 എന്നാൽ ഇതു എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;

15 ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോൾ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽപിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവെക്കു യാഗം അൎപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു.

16 ഇതു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.

17 ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്തു കൂടിയുള്ള വഴി അടുത്തതു എന്നുവരികിലും ജനം യുദ്ധം കാണുമ്പോൾ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല;

18 ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

19 മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടു പോന്നു. ദൈവം നിങ്ങളെ സന്ദൎശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്നു എടുത്തുകൊണ്ടു പോകേണമെന്നു പറഞ്ഞു അവൻ യിസ്രായേൽമക്കളെക്കൊണ്ടു ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.

20 അവർ സുക്കോത്തിൽനിന്നു യാത്രപുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.

21 അവർ പകലും രാവും യാത്രചെയ്‌വാൻ തക്കവണ്ണം അവൎക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവൎക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവൎക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.

22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽനിന്നു മാറിയതുമില്ല.

Chapter 14

1 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:

2 നിങ്ങൾ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേൽമക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങൾ പാളയം ഇറങ്ങേണം.

3 എന്നാൽ അവർ ദേശത്തു ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.

4 ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.

5 അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവർ പറഞ്ഞു.

6 പിന്നെ അവൻ രഥം കെട്ടിച്ചു പടജ്ജനത്തെയും

7 വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവെക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.

8 യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടൎന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.

9 ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യർ അവരെ പിന്തുടൎന്നു; കടൽക്കരയിൽ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ അവരോടു അടുത്തു.

10 ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയൎത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

11 അവർ മോശെയോടു: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു?

12 മിസ്രയീമ്യൎക്കു വേല ചെയ്‌വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യൎക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലതു എന്നു പറഞ്ഞു.

13 അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.

14 യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.

15 അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറക.

16 വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.

17 എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും.

18 ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നേ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും.

19 അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്നു മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്നു മാറി അവരുടെ പിമ്പിൽ പോയി നിന്നു.

20 രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവൎക്കു മേഘവും അന്ധകാരവും ആയിരുന്നു; ഇവൎക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.

21 മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.

22 യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.

23 മിസ്രയീമ്യർ പിന്തുടൎന്നു; ഫറവോന്റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്കു ചെന്നു.

24 പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.

25 അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവൎക്കു വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.

26 അപ്പോൾ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന്നു കടലിന്മേൽ കൈനീട്ടുക എന്നു കല്പിച്ചു.

27 മോശെ കടലിന്മേൽ കൈ നീട്ടി; പുലൎച്ചെക്കു കടൽ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യർ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.

28 വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുത്തൻ പോലും ശേഷിച്ചില്ല.

29 യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.

30 ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു രക്ഷിച്ചു; മിസ്രയീമ്യർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യർ കാണുകയും ചെയ്തു.

31 യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.

Chapter 15

1 മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീൎത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

2 എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീൎന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും.

3 യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം.

4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.

5 ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.

6 യഹോവേ, നിന്റെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു; യഹോവേ, നിന്റെ വലങ്കൈ ശത്രുവിനെ തകൎത്തുകളഞ്ഞു.

7 നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്റെ ക്രോധം അയക്കുന്നു; അതു അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.

8 നിന്റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങൾ ചിറപോലെ നിന്നു; ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറെച്ചുപോയി.

9 ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്റെ ആശ അവരാൽ പൂൎത്തിയാകും; ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.

10 നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു.

11 യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവൎത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?

12 നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി.

13 നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.

14 ജാതികൾ കേട്ടു നടങ്ങുന്നു. ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിച്ചിരിക്കുന്നു.

15 എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാൎക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു.

16 ഭയവും ഭീതിയും അവരുടെമേൽ വീണു, നിൻഭുജമാഹാത്മ്യത്താൽ അവർ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നു പോയി.

17 നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിന്നൊരുക്കിയ സ്ഥാനത്തു, യഹോവേ, നിന്നവകാശപൎവ്വതത്തിൽ നീ അവരെ നട്ടു, കൎത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ.

18 യഹോവ എന്നും എന്നേക്കും രാജാവായി വാഴും.

19 എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.

20 അഹരോന്റെ സഹോദരി മിൎയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.

21 മിൎയ്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

22 അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.

23 മാറയിൽ എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാൻ അവൎക്കു കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു.

24 അപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു.

25 അവൻ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീൎന്നു. അവിടെവെച്ചു അവൻ അവൎക്കു ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവൻ അവരെ പരീക്ഷിച്ചു:

26 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകലവിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യൎക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.

27 പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.

Chapter 16

1 അവർ ഏലീമിൽനിന്നു യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തിയ്യതി അവരുടെ സംഘം ഒക്കെയും ഏലീമിന്നും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു.

2 ആ മരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളുടെ സംഘം ഒക്കെയും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു.

3 യിസ്രായേൽമക്കൾ അവരോടു: ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.

4 അപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വൎഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം.

5 എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നതു ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു.

6 മോശെയും അഹരോനും യിസ്രായേൽമക്കളോടു ഒക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങൾ അറിയും.

7 പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളു എന്നു പറഞ്ഞു.

8 മോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നതു അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.

9 അഹരോനോടു: മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സൎവ്വസംഘത്തോടും പറക എന്നു പറഞ്ഞു.

10 അഹരോൻ യിസ്രായേൽമക്കളുടെ സൎവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരെ തിരിഞ്ഞുനോക്കി, യഹോവയുടെ തേജസ്സു മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.

11 യഹോവ മോശെയോടു: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു.

12 നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു.

13 വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.

14 വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.

15 യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.

16 ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

17 യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി.

18 ഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.

19 പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.

20 എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.

21 അവർ രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അതു ഉരുകിപ്പോകും.

22 എന്നാൽ ആറാം ദിവസം അവർ ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മോശെയോടു അറിയിച്ചു.

23 അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‌വാനുള്ളതു പാകം ചെയ്‌വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.

24 മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.

25 അപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല.

26 ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.

27 എന്നാൽ ഏഴാംദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല.

28 അപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?

29 നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.

30 അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.

31 യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.

32 പിന്നെ മോശെ: യഹോവ കല്പിക്കുന്ന കാൎയ്യം ആവിതു: ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾക്കു മരുഭൂമിയിൽ ഭക്ഷിപ്പാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന്നു സൂക്ഷിച്ചുവെപ്പാൻ അതിൽനിന്നു ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു.

33 അഹരോനോടു മോശെ: ഒരു പാത്രം എടുത്തു അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വെച്ചുകൊൾക എന്നു പറഞ്ഞു.

34 യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവെച്ചു.

35 കുടിപാൎപ്പുള്ള ദേശത്തു എത്തുവോളം യിസ്രായേൽമക്കൾ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുവോളം അവർ മന്നാ ഭക്ഷിച്ചു.

36 ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ)യുടെ പത്തിൽ ഒന്നു ആകുന്നു.

Chapter 17

1 അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.

2 അതുകൊണ്ടു ജനം മോശെയോടു: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.

3 ജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.

4 മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാൻ എന്തു ചെയ്യേണ്ടു? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു.

5 യഹോവ മോശെയോടു: യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.

6 ഞാൻ ഹോരേബിൽ നിന്റെ മുമ്പാകെ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.

7 യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.

8 രെഫീദീമിൽവെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.

9 അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചുംകൊണ്ടു നില്ക്കും എന്നു പറഞ്ഞു.

10 മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻമുകളിൽ കയറി.

11 മോശെ കൈ ഉയൎത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും.

12 എന്നാൽ മോശെയുടെ കൈ ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂൎയ്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.

13 യോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു.

14 യഹോവ മോശെയോടു: നീ ഇതു ഓൎമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓൎമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.

15 പിന്നെ മോശെ ഒരു യാഗപീഠം പണിതു, അതിന്നു യഹോവനിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.

16 യഹോവയുടെ സിംഹാസനത്താണ യഹോവെക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവൻ പറഞ്ഞു.

Chapter 18

1 ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിന്നും വേണ്ടി ചെയ്തതു ഒക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.

2 അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാൎയ്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.

3 ഞാൻ അന്യദേശത്തു പരദേശിയായി എന്നു അവൻ പറഞ്ഞതുകൊണ്ടു അവരിൽ ഒരുത്തന്നു ഗേൎഷോം എന്നു പേർ.

4 എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.

5 എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാൎയ്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പൎവ്വതത്തിങ്കൽ അവന്റെ അടുക്കൽ വന്നു.

6 നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാൎയ്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോടു പറയിച്ചു.

7 മോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.

8 മോശെ തന്റെ അമ്മായപ്പനോടു യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയിൽ തങ്ങൾക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും വിവരിച്ചു പറഞ്ഞു.

9 യഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവൎക്കു ചെയ്ത എല്ലാനന്മനിമിത്തവും യിത്രോ സന്തോഷിച്ചു.

10 യിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ചു മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.

11 യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാൎയ്യത്തിൽ തന്നേ.

12 മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന്നു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.

13 പിറ്റെന്നാൾ മോശെ ജനത്തിന്നു ന്യായം വിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു.

14 അവൻ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാൎയ്യം എന്തു? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നിൽക്കയും ചെയ്യുന്നതു എന്തു എന്നു അവൻ ചോദിച്ചു.

15 മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.

16 അവൎക്കു ഒരു കാൎയ്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവൎക്കു തമ്മിലുള്ള കാൎയ്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.

17 അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു:

18 നീ ചെയ്യുന്ന കാൎയ്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാൎയ്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവൎത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.

19 ആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാൎയ്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.

20 അവൎക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക.

21 അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേൎക്കു അധിപതിമാരായും നൂറുപേൎക്കു അധിപതിമാരായും അമ്പതുപേൎക്കു അധിപതിമാരായും പത്തുപേൎക്കു അധിപതിമാരായും നിയമിക്ക.

22 അവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാൎയ്യം ഒക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാൎയ്യം ഒക്കെയും അവർ തന്നേ തീൎക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും.

23 നീ ഈ കാൎയ്യം ചെയ്കയും ദൈവം അതു അനുവദിക്കയും ചെയ്താൽ നിനക്കു നിന്നുപൊറുക്കാം. ഈ ജനത്തിന്നൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകയുമാം.

24 മോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.

25 മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേൎക്കു അധിപതിമാരായും നൂറുപേൎക്കു അധിപതിമാരായും അമ്പതുപേൎക്കു അധിപതിമാരായും പത്തുപേൎക്കു അധിപതിമാരായും ജനത്തിന്നു തലവന്മാരാക്കി.

26 അവർ എല്ലാസമയത്തും ജനത്തിന്നു ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാൎയ്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാൎയ്യം ഒക്കെയും അവർ തന്നേ തീൎക്കും.

27 അതിന്റെ ശേഷം മോശെ തന്റെ അമ്മായപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.

Chapter 19

1 യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേദിവസം അവർ സീനായിമരുഭൂമിയിൽ എത്തി.

2 അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പൎവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.

3 മോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പൎവ്വതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബ് ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ:

4 ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.

5 ആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.

6 നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.

7 മോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു.

8 യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.

9 യഹോവ മോശെയോടു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.

10 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;

11 അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപൎവ്വത്തിൽ ഇറങ്ങും.

12 ജനം പൎവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവൎക്കായി ചുറ്റും അതിർ തിരിക്കേണം; പൎവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.

13 കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീൎഘമായി ധ്വനിക്കുമ്പോൾ അവർ പൎവ്വതത്തിന്നു അടുത്തുവരട്ടെ.

14 മോശെ പൎവ്വതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.

15 അവൻ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിൻ; നിങ്ങളുടെ ഭാൎയ്യമാരുടെ അടുക്കൽ ചെല്ലരുതു എന്നു പറഞ്ഞു.

16 മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പൎവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.

17 ദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പൎവ്വതത്തിന്റെ അടിവാരത്തു നിന്നു.

18 യഹോവ തീയിൽ സീനായി പൎവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പൎവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.

19 കാഹളധ്വനി ദീൎഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി.

20 യഹോവ സീനായി പൎവ്വതത്തിൽ പൎവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പൎവ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.

21 യഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമൎച്ചയായി കല്പിക്ക.

22 യഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവൎക്കു ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.

23 മോശെ യഹോവയോടു: ജനത്തിന്നു സീനായിപൎവ്വത്തിൽ കയറുവാൻ പാടില്ല; പൎവ്വതത്തിന്നു അതിർ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമൎച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

24 യഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവൎക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു.

25 അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.

Chapter 20

1 ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:

2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.

3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.

4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വൎഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.

5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദൎശിക്കയും

6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവൎക്കു ആയിരം തലമുറ വരെ ദയ കാണിക്കയും ചെയ്യുന്നു.

7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

8 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക.

9 ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.

10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.

11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.

12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീൎഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.

13 കൊല ചെയ്യരുതു.

14 വ്യഭിചാരം ചെയ്യരുതു.

15 മോഷ്ടിക്കരുതു.

16 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.

17 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാൎയ്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.

18 ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പൎവ്വതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.

19 അവർ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.

20 മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു.

21 അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു.

22 അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: ഞാൻ സ്വൎഗ്ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ.

23 എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു.

24 എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അൎപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും.

25 കല്ലുകൊണ്ടു എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു അതു പണിയരുതു; നിന്റെ ആയുധംകൊണ്ടു അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും.

26 എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു.

Chapter 21

1 അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു:

2 ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.

3 ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവന്നു ഭാൎയ്യയുണ്ടായിരുന്നു എങ്കിൽ ഭാൎയ്യയും അവനോടുകൂടെ പോകട്ടെ.

4 അവന്റെ യജമാനൻ അവന്നു ഭാൎയ്യയെ കൊടുക്കയും അവൾ അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാൎയ്യയും മക്കളും യജമാനന്നു ഇരിക്കേണം; അവൻ ഏകനായി പോകേണം.

5 എന്നാൽ ദാസൻ: ഞാൻ എന്റെ യജമാനനെയും എന്റെ ഭാൎയ്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീൎത്തു പറഞ്ഞാൽ

6 യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം.

7 ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതുപോലെ പോകരുതു.

8 അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാൻ അവന്നു അധികാരമില്ല.

9 അവൻ അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം.

10 അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു.

11 ഈ മൂന്നു കാൎയ്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.

12 ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

13 അവൻ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാൽ സംഭവിപ്പാൻ ദൈവം സംഗതിവരുത്തിയതായാൽ അവൻ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാൻ നിയമിക്കും.

14 എന്നാൽ ഒരുത്തൽ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവൻ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കൽ നിന്നും പിടിച്ചു കൊണ്ടുപോകേണം.

15 തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

16 ഒരുത്തൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടു പിടിക്കയാകട്ടെ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.

17 തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.

18 മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഒരുത്തൻ മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാൽ അവൻ മരിച്ചുപോകാതെ കിടപ്പിലാകയും

19 പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവൻ അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.

20 ഒരുത്തൻ തന്റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം.

21 എങ്കിലും അവൻ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുതു; അവൻ അവന്റെ മുതലല്ലോ.

22 മനുഷ്യർ തമ്മിൽ ശണ്ഠകൂടീട്ടു ഗൎഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗൎഭം അലസിയതല്ലാതെ അവൾക്കു മറ്റൊരു ദോഷവും വന്നില്ലെങ്കിൽ അടിച്ചവൻ ആ സ്ത്രീയുടെ ഭൎത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാർ വിധിക്കുമ്പോലെ അവൻ കൊടുക്കേണം.

23 മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം.

24 കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ;

25 പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണൎപ്പിന്നു പകരം തിണൎപ്പു.

26 ഒരുത്തൻ അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവൻ കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

27 അവൻ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ലു അടിച്ചു തകൎത്താൽ അവൻ പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

28 ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവൻ.

29 എന്നാൽ ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥൻ അതു അറിഞ്ഞുമിരിക്കെ അവൻ അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.

30 ഉദ്ധാരണ ദ്രവ്യം അവന്റെ മേൽ ചുമത്തിയാൽ തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേൽ ചുമത്തിയതു ഒക്കെയും അവൻ കൊടുക്കേണം.

31 അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.

32 കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവൻ അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.

33 ഒരുത്തൻ ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതിൽ ഒരു കാളയോ കഴുതയോ വീണാൽ,

34 കുഴിയുടെ ഉടമസ്ഥൻ വിലകൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.

35 ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തീട്ടു അതു ചത്തുപോയാൽ അവർ ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.

36 അല്ലെങ്കിൽ ആ കാള മുമ്പെ തന്നേ കുത്തുന്നതു എന്നു അറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവൻ കാളെക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയതു അവന്നുള്ളതായിരിക്കേണം.

Chapter 22

1 ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ അവൻ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം.

2 കള്ളൻ വീടു മുറിക്കുമ്പോൾ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല.

3 എന്നാൽ അതു നേരം വെളുത്തശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ടു. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം.

4 മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.

5 ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.

6 തീ വീണു കാടു കത്തീട്ടു കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കേണം.

7 ഒരുത്തൻ കൂട്ടകാരന്റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു അവന്റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവൻ ഇരട്ടി പകരം കൊടുക്കേണം.

8 കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തുവിന്മേൽ കൈ വെച്ചിട്ടുണ്ടോ എന്നു അറിവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകേണം.

9 കാണാതെപോയ കാള, കഴുത, ആടു, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ചു ഇതു എനിക്കുള്ളതു എന്നു ഒരുവൻ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപാട്ടുകാരുടെയും കാൎയ്യം ദൈവസന്നിധിയിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവൻ കൂട്ടുകാരന്നു ഇരട്ടി പകരം കൊടുക്കേണം.

10 ഒരുത്തൻ കൂട്ടുകാരന്റെ പക്കൽ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താൽ

11 കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാൎക്കും തീൎച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ.

12 എന്നാൽ അതു അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം.

13 അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവൻ പകരം കൊടുക്കേണ്ടാ.

14 ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം.

15 ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.

16 വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.

17 അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.

18 ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു.

19 മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.

20 യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിൎമ്മൂലമാക്കേണം.

21 പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ.

22 വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു.

23 അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും;

24 എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായി തീരും.

25 എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു.

26 നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂൎയ്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം.

27 അതുമാത്രമല്ലോ അവന്റെ പുതപ്പു; അതുമാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.

28 നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു.

29 നിന്റെ വിളവും ദ്രാവകവൎഗ്ഗവും അൎപ്പിപ്പാൻ താമസിക്കരുതു; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം.

30 നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.

31 നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങൾ അതിനെ നായ്ക്കൾക്കു ഇട്ടുകളയേണം.

Chapter 23

1 വ്യാജവൎത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു.

2 ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേൎന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു.

3 ദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുതു.

4 നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം.

5 നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻ കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവന്നു സഹായം ചെയ്യേണം.

6 നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ അവന്റെ ന്യായം മറിച്ചുകളയരുതു.

7 കള്ളക്കാൎയ്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാൻ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.

8 സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.

9 പരദേശിയെ ഉപദ്രവിക്കരുതു: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.

10 ആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക.

11 ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അഹോവൃത്തി കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.

12 ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.

13 ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിൻ; അന്യദൈവങ്ങളുടെ നാമം കീൎത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കയും അരുതു.

14 സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം.

15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു. എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു.

16 വയലിൽ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയിൽ വയലിൽ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം.

17 സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കൎത്താവായ യഹോവയുടെ മുമ്പാകെ വരേണം.

18 എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അൎപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു.

19 നിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.

20 ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.

21 നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.

22 എന്നാൽ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകെക്കുന്നവരെ ഞാൻ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.

23 എന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോൎയ്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിൎമ്മൂലമാക്കും.

24 അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികൾപോലെ പ്രവൎത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകൎത്തുകളയേണം.

25 നിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്നു അകറ്റിക്കളയും.

26 ഗൎഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂൎത്തിയാക്കും.

27 എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും.

28 നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.

29 ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല.

30 നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.

31 ഞാൻ നിന്റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം.

32 അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.

33 നീ എന്നോടു പാപം ചെയ്‌വാൻ അവർ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവർ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കണിയായി തീരും.

Chapter 24

1 അവൻ പിന്നെയും മോശെയോടു: നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തുനിന്നു നമസ്കരിപ്പിൻ.

2 മോശെ മാത്രം യഹോവെക്കു അടുത്തുവരട്ടെ. അവർ അടുത്തുവരരുതു; ജനം അവനോടുകൂടെ കയറി വരികയുമരുതു എന്നു കല്പിച്ചു.

3 എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാൎയ്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.

4 മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പൎവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു.

5 പിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ചു യഹോവെക്കു സമാധാനയാഗങ്ങളായി കാളകളെയും അൎപ്പിച്ചു.

6 മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.

7 അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.

8 അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.

9 അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു.

10 അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.

11 യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.

12 പിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പൎവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.

13 അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പൎവ്വത്തിൽ കയറി.

14 അവൻ മൂപ്പന്മാരോടു: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആൎക്കെങ്കിലും വല്ല കാൎയ്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.

15 അങ്ങനെ മോശെ പൎവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പൎവ്വതത്തെ മൂടി.

16 യഹോവയുടെ തേജസ്സും സീനായിപൎവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്നു മോശെയെ വിളിച്ചു.

17 യഹോവയുടെ തേജസ്സിന്റെ കാഴ്ച പൎവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.

18 മോശെയോ മേഘത്തിന്റെ നടുവിൽ പൎവ്വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പൎവ്വതത്തിൽ ആയിരുന്നു.

Chapter 25

1 യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ:

2 എനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.

3 അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്നു, വെള്ളി, താമ്രം; നീലനൂൽ, ധൂമ്രനൂൽ,

4 ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,

5 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ, ഖദിരമരം;

6 വിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവൎഗ്ഗം,

7 ഏഫോദിന്നും മാർപദക്കത്തിന്നും പതിപ്പാൻ ഗോമേദകക്കല്ലു, രത്നങ്ങൾ എന്നിവ തന്നേ.

8 ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.

9 തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.

10 ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.

11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.

12 അതിന്നു നാലു പൊൻവളയം വാൎപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.

13 ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം.

14 തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാൎശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.

15 തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു.

16 ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം.

17 തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.

18 പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.

19 ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.

20 കെരൂബുകൾ മേലോട്ടു ചിറകുവിടൎത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.

21 കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.

22 അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നു സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽ നിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.

23 ഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.

24 അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

25 ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

26 അതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാൎശ്വങ്ങളിൽ തറെക്കേണം.

27 മേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേൎന്നിരിക്കേണം.

28 തണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.

29 അതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.

30 മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.

31 തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്നു തന്നേ ആയിരിക്കേണം.

32 നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാൎശ്വങ്ങളിൽനിന്നു പുറപ്പെടേണം.

33 ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.

34 വിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.

35 അതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.

36 അവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.

37 അതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.

38 അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.

39 അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.

40 പൎവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.

Chapter 26

1 തിരുനിവാസത്തെ പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീലകൊണ്ടു തീൎക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ ഉള്ളവയായി അവയെ ഉണ്ടാക്കേണം.

2 ഓരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.

3 അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.

4 ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.

5 ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേൎക്കുനേരെ ആയിരിക്കേണം.

6 പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.

7 തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.

8 ഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.

9 അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടേണം.

10 ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കേണം.

11 താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.

12 മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്തു തൂങ്ങിക്കിടക്കേണം.

13 മൂടുവിരിയുടെ മൂടുശീല നീളത്തിൽ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാൎശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.

14 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.

15 തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.

16 ഓരോ പലകെക്കു പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.

17 ഓരോ പലകെക്കു ഒന്നോടൊന്നു ചേൎന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.

18 തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.

19 ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.

20 തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,

21 മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.

22 തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.

23 തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.

24 ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മിൽ ചേൎന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.

25 ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.

26 ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം

27 തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.

28 നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം.

29 പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം.

30 അങ്ങനെ പൎവ്വതത്തിൽവെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിൎത്തേണം.

31 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.

32 പൊന്നു പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അതു തൂക്കിയിടേണം.

33 കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കേണം.

34 അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വെക്കേണം.

35 തിരശ്ശീലയുടെ പുറമെ മേശയും മേശക്കു എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.

36 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം.

37 മറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവെക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാൎപ്പിക്കേണം.

Chapter 27

1 അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം.

2 അതിന്റെ നാലു കോണിലും കൊമ്പുണ്ടാക്കേണം; കൊമ്പു അതിൽനിന്നു തന്നേ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം.

3 അതിലെ വെണ്ണീർ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം.

4 അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.

5 ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.

6 യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.

7 തണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.

8 പലകകൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം; പൎവ്വതത്തിൽവെച്ചു കാണിച്ചുതന്നപ്രകാരം തന്നേ അതു ഉണ്ടാക്കേണം.

9 തിരുനിവാസത്തിന്നു പ്രാകാരവും ഉണ്ടാക്കേണം; തെക്കെ ഭാഗത്തേക്കു പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടു ഒരു ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം.

10 അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.

11 അങ്ങനെ തന്നേ വടക്കെ ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.

12 പടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിന്നു പത്തു തൂണും അവെക്കു പത്തു ചുവടും വേണം.

13 കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.

14 ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.

15 മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.

16 എന്നാൽ പ്രാകാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവെക്കു നാലു ചുവടും വേണം.

17 പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ടു മേൽചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.

18 പ്രാകാരത്തിന്നു നാനൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.

19 തിരുനിവാസത്തിലെ സകലശുശ്രൂഷെക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ടു ആയിരിക്കേണം.

20 വിളക്കു നിരന്തരം കത്തികൊണ്ടിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾ വിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോടു കല്പിക്ക.

21 സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്നു മുമ്പിലുള്ള തിരശ്ശീലെക്കു പുറത്തു അഹരോനും അവന്റെ പുത്രന്മാരും അതിനെ വൈകുന്നേരം മുതൽ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാന്തക്കവണ്ണം വെക്കേണം; ഇതു യിസ്രായേൽമക്കൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.

Chapter 28

1 നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നേ

2 നിന്റെ സഹോദരനായ അഹരോന്നു വേണ്ടി മഹത്വത്തിന്നും അലങ്കാരത്തിന്നുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

3 അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന്നു അവന്നു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറെച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം.

4 അവർ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവർ അവന്നും അവന്റെ പുത്രന്മാൎക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.

5 അതിന്നു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം.

6 പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.

7 അതിന്റെ രണ്ടു അറ്റത്തോടു ചേൎന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണെച്ചിരിക്കേണം.

8 അതു കെട്ടിമുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു അതിൽനിന്നു തന്നേ അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരിക്കേണം.

9 അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയിൽ യിസ്രായേൽമക്കളുടെ പേർ കൊത്തേണം.

10 അവരുടെ പേരുകളിൽ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം.

11 രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽ മക്കളുടെ പേർ കൊത്തേണം; അവ പൊന്തടങ്ങളിൽ പതിക്കേണം;

12 കല്ലു രണ്ടും ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കൾക്കു വേണ്ടി ഓൎമ്മക്കല്ലായി വെക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേർ ഓൎമ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.

13 പൊന്നുകൊണ്ടു തടങ്ങൾ ഉണ്ടാക്കേണം.

14 തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേൎക്കേണം.

15 ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ടു ഉണ്ടാക്കേണം.

16 അതു സമചതുരവും ഇരട്ടയും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം.

17 അതിൽ കൽപതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.

18 രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ലു, വജ്രം.

19 മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂൎയ്യം, സുഗന്ധിക്കല്ലു.

20 നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂൎയ്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം.

21 ഈ കല്ലു യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.

22 പതക്കത്തിന്നു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.

23 പതക്കത്തിന്നു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ രണ്ടു അറ്റത്തും വട്ടക്കണ്ണി വെക്കേണം.

24 പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.

25 മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിൽ അതിന്റെ മുൻഭാഗത്തു വെക്കേണം.

26 പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റേ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അതിന്റെ വിളുമ്പിൽ അകത്തായി വെക്കേണം.

27 പൊന്നുകൊണ്ടു വേറെ രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്തു അതിന്റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്റെ ഇണെപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി വെക്കേണം.

28 പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാൽ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.

29 അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ എപ്പോഴും യഹോവയുടെ മുമ്പാകെ ഓൎമ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.

30 ന്യായവിധിപ്പതക്കത്തിന്നകത്തു ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വെക്കേണം; അഹരോൻ യഹോവയുടെ സന്നിധാനത്തിങ്കൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കേണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.

31 ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു ഉണ്ടാക്കേണം.

32 അതിന്റെ നടുവിൽ തല കടപ്പാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാൻ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.

33 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.

34 അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.

35 ശുശ്രൂഷ ചെയ്കയിൽ അഹരോൻ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തു വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേൾക്കേണം.

36 തങ്കംകൊണ്ടു ഒരു പട്ടം ഉണ്ടാക്കി അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.

37 അതു മുടിമേൽ ഇരിക്കേണ്ടതിന്നു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുൻഭാഗത്തു ഇരിക്കേണം.

38 യിസ്രായേൽമക്കൾ തങ്ങളുടെ സകല വിശുദ്ധവഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന്നു അതു അഹരോന്റെ നെറ്റിയിൽ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവൎക്കു പ്രസാദം ലഭിക്കേണ്ടതിന്നു അതു എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കേണം.

39 പഞ്ഞിനൂൽകൊണ്ടു ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ടു മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ടു ഉണ്ടാക്കേണം.

40 അഹരോന്റെ പുത്രന്മാൎക്കു മഹത്വത്തിന്നും അലങ്കാരത്തിന്നുമായിട്ടു അങ്കി, നടുക്കെട്ടു, തലപ്പാവു എന്നിവ ഉണ്ടാക്കേണം.

41 അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.

42 അവരുടെ നഗ്നത മറെപ്പാൻ അവൎക്കു ചണനൂൽകൊണ്ടു കാൽചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.

43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‌വാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവർ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

Chapter 29

1 അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‌വാൻ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവൎക്കു ചെയ്യേണ്ടതു എന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും

2 പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേൎത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പിരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ടു അവ ഉണ്ടാക്കേണം.

3 അവ ഒരു കൊട്ടയിൽ വെച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊട്ടയിൽ കൊണ്ടുവരേണം.

4 അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ടു കഴുകേണം.

5 പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.

6 അവന്റെ തലയിൽ മുടി വെച്ചു വിശുദ്ധപട്ടം മുടിമേൽ വെക്കേണം.

7 പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.

8 അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.

9 അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവൎക്കു തലപ്പാവു വെക്കേണം. പൌരോഹിത്യം അവൎക്കു നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാൎക്കും കരപൂരണം ചെയ്യേണം.

10 നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവെക്കേണം.

11 പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.

12 കാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കേണം.

13 കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം.

14 കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം.

15 ഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈവെക്കേണം.

16 ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

17 ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം.

18 ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവെക്കു ഹോമയാഗം, യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.

19 പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വെക്കേണം.

20 ആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം കുറേ എടുത്തു അഹരോന്റെ വലത്തെ കാതിന്നും അവന്റെ പുത്രന്മാരുടെ വലത്തെ കാതിന്നും അവരുടെ വലത്തെ കയ്യുടെ പെരുവിരലിന്നും വലത്തെ കാലിന്റെ പെരുവിരലിന്നും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

21 പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്തു അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.

22 അതു കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും

23 വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്നു ഒരു അപ്പവും എണ്ണ പകൎന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.

24 അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാൎപ്പണമായി നീരാജനം ചെയ്യേണം.

25 പിന്നെ അവരുടെ കയ്യിൽ നിന്നു അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയിൽ സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവെക്കു ദഹനയാഗം.

26 പിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനാൎപ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഓഹരിയായിരിക്കും.

27 അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദൎച്ചയുമായി നീരാജനാൎപ്പണമായ നെഞ്ചും ഉദൎച്ചാൎപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.

28 അതു ഉദൎച്ചാൎപ്പണമാകകൊണ്ടു യിസ്രായേൽമക്കളുടെ പക്കൽനിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാൎക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേൽമക്കൾ അൎപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദൎച്ചാൎപ്പണമായി യഹോവെക്കുള്ള ഉദൎച്ചാൎപ്പണം തന്നേ ആയിരിക്കേണം.

29 അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാൎക്കുള്ളതാകേണം; അതു ധരിച്ചു അവർ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.

30 അവന്റെ പുത്രന്മാരിൽ അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‌വാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴു ദിവസം അതു ധരിക്കേണം

31 കരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.

32 ആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തിന്നേണം.

33 അവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുതു.

34 കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുതു.

35 അങ്ങനെ ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാൎക്കും ചെയ്യേണം; ഏഴു ദിവസം അവൎക്കു കരപൂരണം ചെയ്യേണം.

36 പ്രയാശ്ചിത്തത്തിന്നായി ദിവസേന ഓരോ കാളയെ പാപയാഗമായിട്ടു അൎപ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.

37 ഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

38 യാഗപീഠത്തിന്മേൽ അൎപ്പിക്കേണ്ടതു എന്തെന്നാൽ: ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിൻകുട്ടി;

39 ഒരു ആട്ടിൻകുട്ടിയെ രാവിലെ അൎപ്പിക്കേണം; മറ്റെ ആട്ടിൻകുട്ടിയെ വൈകുന്നേരത്തു അൎപ്പിക്കേണം.

40 ഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകൎന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടെ അൎപ്പിക്കേണം.

41 മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവെക്കു ദഹനയാഗമായി വൈകുന്നേരത്തു അൎപ്പിക്കേണം.

42 ഞാൻ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങൾക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.

43 അവിടെ ഞാൻ യിസ്രായേൽമക്കൾക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.

44 ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.

45 ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കയും അവൎക്കു ദൈവമായിരിക്കയും ചെയ്യും.

46 അവരുടെ മദ്ധ്യേ വസിക്കേണ്ടതിന്നു അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നേ.

Chapter 30

1 ധൂപം കാട്ടുവാൻ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ടു അതു ഉണ്ടാക്കേണം.

2 അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരിക്കേണം.

3 അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാൎശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.

4 ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാൎശ്വത്തിലും അവയെ ഉണ്ടാക്കേണം.

5 തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം.

6 സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം.

7 അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം.

8 അഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.

9 നിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അൎപ്പിക്കരുതു; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുതു.

10 സംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവൻ തലമുറതലമുറയായി വൎഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവെക്കു അതിവിശുദ്ധം.

11 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:

12 യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവന്നുവേണ്ടി യഹോവെക്കു വീണ്ടെടുപ്പുവില കൊടുക്കേണം.

13 എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവെക്കു വഴിപാടു ആയിരിക്കേണം.

14 എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊടുക്കേണം.

15 നിങ്ങളുടെ ജിവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവെക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുതു; ദരിദ്രൻ കുറെച്ചു കൊടുക്കയും അരുതു.

16 ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷെക്കായി കൊടുക്കേണം. നിങ്ങളുടെ ജീവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കു വേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.

17 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:

18 കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതിൽ വെള്ളം ഒഴിക്കേണം.

19 അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം.

20 അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.

21 അവർ മരിക്കാതിരിക്കേണ്ടതിന്നു കയ്യും കാലും കഴുകേണം; അതു അവൎക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

22 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ;

23 മേത്തരമായ സുഗന്ധവൎഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും

24 അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്തു

25 തൈലക്കാരന്റെ വിദ്യപ്രകാരം ചേൎത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം.

26 അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും

27 അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും

28 ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം.

29 അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

30 അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

31 യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.

32 അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം.

33 അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

34 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവൎഗ്ഗവും നിൎമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം.

35 അതിൽ ഉപ്പും ചേൎത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിൎമ്മലവും വിശുദ്ധവുമായ ധൂപവൎഗ്ഗമാക്കേണം.

36 നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങൾക്കു അതിവിശുദ്ധമായിരിക്കേണം.

37 ഈ ഉണ്ടാക്കുന്ന ധൂപവൎഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവെക്കു വിശുദ്ധമായിരിക്കേണം.

38 മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

Chapter 31

1 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:

2 ഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു.

3 അവൻ കൌശലപ്പണികളെ സങ്കല്പിച്ചു ചെയ്‌വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‌വാനും രത്നം വെട്ടി പതിപ്പാനും

4 മരത്തിൽ കൊത്തുപണി ചെയ്‌വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ

5 ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധസാമൎത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.

6 ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോടു കല്പിച്ചതു ഒക്കെയും അവർ ഉണ്ടാക്കും.

7 സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളൊക്കെയും

8 മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളൊക്കെയും

9 ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും വിശേഷവസ്ത്രങ്ങളും

10 പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷെക്കായിട്ടു

11 അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിന്നുള്ള സുഗന്ധധൂപവൎഗ്ഗവും ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും അവർ ഉണ്ടാക്കും.

12 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.

13 അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു.

14 അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.

15 ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.

16 ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബത്തിനെ പ്രമാണിക്കേണം.

17 അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.

18 അവൻ സീനായി പൎവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

Chapter 32

1 എന്നാൽ മോശെ പൎവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.

2 അഹരോൻ അവരോടു: നിങ്ങളുടെ ഭാൎയ്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.

3 ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.

4 അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാൎത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു.

5 അഹരോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു.

6 പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അൎപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.

7 അപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.

8 ഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാൎത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു.

9 ഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.

10 അതുകൊണ്ടു എന്റെ കോപം അവൎക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാൻ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു.

11 എന്നാൽ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീൎയ്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു?

12 മലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനൎത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.

13 നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓൎക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വൎദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.

14 അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനൎത്ഥത്തെക്കുറിച്ചു അനുതപിച്ചു.

15 മോശെ തിരിഞ്ഞു പൎവ്വതത്തിൽനിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.

16 പലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.

17 ജനം ആൎത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോടു: പാളയത്തിൽ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു.

18 അതിന്നു അവൻ: ജയിച്ചു ആൎക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നതു എന്നു പറഞ്ഞു.

19 അവൻ പാളയത്തിന്നു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവൻ പലകകളെ കയ്യിൽനിന്നു എറിഞ്ഞു പൎവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.

20 അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.

21 മോശെ അഹരോനോടു: ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.

22 അതിന്നു അഹരോൻ പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.

23 ഞങ്ങൾക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു അവർ എന്നോടു പറഞ്ഞു.

24 ഞാൻ അവരോടു: പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവർ അതു എന്റെ പക്കൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.

25 അവരുടെ വിരോധികൾക്കു മുമ്പാകെ അവർ ഹാസ്യമാകത്തക്കവണ്ണം അഹരോൻ അവരെ അഴിച്ചുവിട്ടുകളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു:

26 യഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.

27 അവൻ അവരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ വാൾ അരെക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്നു ഓരോരുത്തൻ താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

28 ലേവ്യർ മോശെ പറഞ്ഞതുപോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേർ വീണു.

29 യഹോവ ഇന്നു നിങ്ങൾക്കു അനുഗ്രഹം നല്കേണ്ടതിന്നു നിങ്ങൾ ഇന്നു ഓരോരുത്തൻ താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവെക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിൻ എന്നു മോശെ പറഞ്ഞു.

30 പിറ്റെന്നാൾ മോശെ: നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ എനിക്കു ഇടയാകും എന്നു പറഞ്ഞു.

31 അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.

32 എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.

33 യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.

34 ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദൎശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദൎശിക്കും എന്നു അരുളിച്ചെയ്തു.

35 അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു.

Chapter 33

1 അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ: നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു,

2 പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യൻ, അമോൎയ്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.

3 വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.

4 ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.

5 നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.

6 അങ്ങനെ ഹോരേബ് പൎവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

7 മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തിൽനിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനകൂടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമനകൂടാരത്തിലേക്കു ചെന്നു.

8 മോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു.

9 മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.

10 ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു നമസ്കരിച്ചു.

11 ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.

12 മോശെ യഹോവയോടു പറഞ്ഞതു എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.

13 ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓൎക്കേണമേ.

14 അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.

15 അവൻ അവനോടു: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.

16 എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.

17 യഹോവ മോശെയോടു: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു.

18 അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.

19 അതിന്നു അവൻ: ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‌വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു.

20 നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

21 ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേൽ നീ നിൽക്കേണം.

22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളൎപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.

23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.

Chapter 34

1 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും.

2 നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപൎവ്വതത്തിൽ കയറി; പൎവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.

3 നിന്നോടുകൂടെ ആരും കയറരുതു. പൎവ്വതത്തിലെങ്ങും ആരെയും കാണരുതു. പൎവ്വതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു.

4 അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപൎവ്വതത്തിൽ കയറി; കല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി.

5 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.

6 യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീൎഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.

7 ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദൎശിക്കുന്നവൻ.

8 എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു:

9 കൎത്താവേ, നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ കൎത്താവു ഞങ്ങളുടെ മദ്ധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനം തന്നേ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.

10 അതിന്നു അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സൎവ്വജനത്തിന്നും മുമ്പാകെ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോടു ചെയ്‌വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.

11 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊൾക; അമോൎയ്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.

12 നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാൻ കരുതിക്കൊൾക; അല്ലാഞ്ഞാൽ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.

13 നിങ്ങൾ അവരുടെ ബലിപീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകൎത്തു അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം.

14 അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ.

15 ആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവർ പരസംഗം ചെയ്തു അവരുടെ ദേവന്മാൎക്കു ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികൾ തിന്നുകയും

16 അവരുടെ പുത്രിമാരിൽനിന്നു നിന്റെ പുത്രന്മാൎക്കു ഭാൎയ്യമാരെ എടുക്കയും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‌വാൻ ഇടവരരുതു.

17 ദേവന്മാരെ വാൎത്തുണ്ടാക്കരുതു.

18 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നതു.

19 ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ ഒക്കെയും എനിക്കുള്ളതു ആകുന്നു.

20 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം. വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു.

21 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.

22 കോതമ്പുകൊയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുനാളും നീ ആചരിക്കേണം.

23 സംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കൎത്താവിന്റെ മുമ്പാകെ വരേണം.

24 ഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളഞ്ഞു നിന്റെ അതൃത്തികളെ വിശാലമാക്കും; നീ സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാൻ കയറിപ്പോയിരിക്കുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.

25 എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അൎപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.

26 നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.

27 യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.

28 അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടുകൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.

29 അവൻ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യിൽ പടിച്ചുകൊണ്ടു സീനായിപൎവ്വതത്തിൽനിന്നു ഇറങ്ങുമ്പോൾ അറിഞ്ഞില്ല.

30 അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ടു അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.

31 മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ ഒക്കെയും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.

32 അതിന്റെ ശേഷം യിസ്രായേൽമക്കൾ ഒക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായിപൎവ്വതത്തിൽവെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവൻ അവരോടു ആജ്ഞാപിച്ചു.

33 മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു.

34 മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും.

35 യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.

Chapter 35

1 അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതു: നിങ്ങൾ ചെയ്‌വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിതു:

2 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.

3 ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു.

4 മോശെ പിന്നെയും യിസ്രായേൽമക്കളുടെ സൎവ്വസഭയോടും പറഞ്ഞതു: യഹോവ കല്പിച്ചതു എന്തെന്നാൽ:

5 നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.

6 പൊന്നു, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,

7 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,

8 വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവൎഗ്ഗം,

9 ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.

10 നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.

11 തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ,

12 തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,

13 മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം,

14 വെളിച്ചത്തിന്നു നിലവിളക്കു, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന്നു എണ്ണ,

15 ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവൎഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,

16 ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിന്റെ കാൽ,

17 പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ,

18 തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ,

19 അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‌വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നേ.

20 അപ്പോൾ യിസ്രായേൽമക്കളുടെ സൎവ്വസഭയും മോശെയുടെ മുമ്പിൽ നിന്നു പുറപ്പെട്ടു.

21 ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പൎയ്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു.

22 പുരുഷന്മാരും സ്ത്രീകളുമായി ഔദാൎയ്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധപൊന്നാഭരണങ്ങളും കൊണ്ടുവന്നു.

23 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അതു കൊണ്ടു വന്നു.

24 വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു.

25 സാമൎത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.

26 സാമൎത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.

27 പ്രമാണികൾ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും

28 വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധധൂപത്തിന്നുമായി പരിമളവൎഗ്ഗവും എണ്ണയും കൊണ്ടു വന്നു.

29 മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാൎയ്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവെക്കു സ്വമേധാദാനം കൊണ്ടുവന്നു.

30 എന്നാൽ മോശെ യിസ്രായേൽമക്കളോടു പറഞ്ഞതു: നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർചൊല്ലി വിളിച്ചിരിക്കുന്നു.

31 കൌശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‌വാനും

32 രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണിയായ സകലവിധകൌശലപ്പണിയും ചെയ്‌വാനും

33 അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമൎത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.

34 അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാൻ അവൻ തോന്നിച്ചിരിക്കുന്നു.

35 കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികൾ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‌വാൻ അവൻ അവരെ മനസ്സിൽ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.

Chapter 36

1 ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്‌വാൻ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.

2 അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.

3 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‌വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.

4 അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിൎത്തി വന്നു മോശെയോടു:

5 യഹോവ ചെയ്‌വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

6 അതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടുവകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിൎത്തലായി.

7 കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‌വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.

8 പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.

9 ഓരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാമൂടുശീലകൾക്കും ഒരു അളവു തന്നേ.

10 അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു; മറ്റെ അഞ്ചു മൂടുശീലയും ഒന്നോടൊന്നു ഇണെച്ചു.

11 അങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽ കൊണ്ടു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കി.

12 ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേൎക്കുനേരെ ആയിരുന്നു.

13 അവൻ പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ടു മൂടുശീലകളെ ഒന്നോടൊന്നു ഇണെച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീൎന്നു.

14 തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.

15 ഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.

16 അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.

17 ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.

18 കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.

19 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.

20 ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.

21 ഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.

22 ഓരോ പലകെക്കു തമ്മിൽ ചേൎന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.

23 അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക:

24 ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.

25 തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.

26 ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.

27 തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.

28 തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.

29 അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയംവരെ തമ്മിൽ ചേൎന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.

30 ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.

31 അവൻ ഖദിരമരംകൊണ്ടു അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകെക്കു അഞ്ചു അന്താഴം;

32 തിരുനിവാസത്തിന്റെ മറുവശത്തെ പലകെക്കു അഞ്ചു അന്താഴം; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.

33 നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി.

34 പലകകൾ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.

35 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.

36 അതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ടു ആയിരുന്നു; അവെക്കു വെള്ളികൊണ്ടു നാലു ചുവടു വാൎപ്പിച്ചു.

37 കൂടാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും

38 അതിന്നു അഞ്ചു തൂണും അവെക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.

Chapter 37

1 ബെസലേൽ പെട്ടകം ഖദിരമരംകൊണ്ടു ഉണ്ടാക്കി. അതിന്നു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.

2 അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.

3 അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊൻവളയം വാൎപ്പിച്ചു.

4 അവൻ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.

5 പെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാൎശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.

6 അവൻ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.

7 അവൻ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.

8 ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതിൽ നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി.

9 കെരൂബുകൾ മേലോട്ടു ചിറകു വിടൎത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.

10 അവൻ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി. അതിന്നു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.

11 അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.

12 ചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.

13 അതിന്നു നാലു പൊൻവളയം വാൎത്തു നാലു കാലിന്റെയും ഓരോ പാൎശ്വത്തിൽ തറെച്ചു.

14 മേശ ചുമക്കേണ്ടതിന്നു തണ്ടുകൾ ചെലുത്തുവാൻ വളയങ്ങൾ ചട്ടത്തോടു ചേൎന്നിരുന്നു.

15 മേശചുമക്കേണ്ടതിന്നുള്ള തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.

16 മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.

17 അവൻ തങ്കംകൊണ്ടു നിലവിളക്കു ഉണ്ടാക്കി; വിളക്കു അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്നു തന്നേ ആയിരുന്നു.

18 നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തു നിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാൎശ്വങ്ങളിൽനിന്നു പുറപ്പെട്ടു.

19 ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.

20 വിളക്കുതണ്ടിലോ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു.

21 അതിൽ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതിൽനിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.

22 മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.

23 അവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.

24 ഒരു താലന്തു തങ്കംകൊണ്ടു അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.

25 അവൻ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു.

26 അവൻ അതും അതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാൎശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.

27 അതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വക്കിന്നു കീഴെ രണ്ടു പാൎശ്വത്തിലുള്ള ഓരോ കോണിങ്കലും ഓരോ പൊൻവളയം ഉണ്ടാക്കി.

28 ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.

29 അവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിൎമ്മല ധൂപവൎഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.

Chapter 38

1 അവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.

2 അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.

3 ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.

4 അവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.

5 താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാൎത്തു.

6 ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.

7 യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാൎശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.

8 സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദൎപ്പണങ്ങൾകൊണ്ടു അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.

9 അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.

10 അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.

11 വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.

12 പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.

13 കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.

14 വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.

15 മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.

16 ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ടു ആയിരുന്നു.

17 തൂണുകൾക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ടു മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.

18 എന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.

19 അതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.

20 തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികൾ ഒക്കെയും താമ്രം ആയിരുന്നു.

21 മോശെയുടെ കല്പന അനുസരിച്ചു പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്കു കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിന്നുണ്ടായ ചെലവു എന്തെന്നാൽ:

22 യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോടു യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.

23 അവനോടുകൂടെ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ടു ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.

24 വിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.

25 സഭയിൽ ചാൎത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.

26 ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാൎത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന്നു ഓരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.

27 വിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാൎക്കുന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.

28 ശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെൽകൊണ്ടു അവൻ തൂണുകൾക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.

29 വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.

30 അതുകൊണ്ടു അവൻ സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും

31 ചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.

Chapter 39

1 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കി.

2 പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി.

3 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവർ പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു.

4 അവർ അതിന്നു തമ്മിൽ ഇണെച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു.

5 അതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽ നിന്നു തന്നേ, അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരുന്നു.

6 മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെപേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊന്തടങ്ങളിൽ പതിച്ചു.

7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓൎമ്മക്കല്ലുകൾ വെച്ചു.

8 അവൻ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി.

9 അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അതു ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായി ഇരട്ട ആയിരന്നു.

10 അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.

11 രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം,

12 മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂൎയ്യം, സുഗന്ധിക്കല്ലു.

13 നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂൎയ്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.

14 ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.

15 പതക്കത്തിന്നു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.

16 പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.

17 പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.

18 രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണിരണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തുവെച്ചു.

19 അവർ പൊന്നുകൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പിൽ വെച്ചു.

20 അവർ വേറെ രണ്ടു പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്റെ ഇണെപ്പിന്നരികെ എഫോദിന്റെ നടുക്കെട്ടിന്നു മേലായി വെച്ചു.

21 പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവർ അതു കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി.

22 അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.

23 അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.

24 അങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി.

25 തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു.

26 ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.

27 അഹരോന്നും പുത്രന്മാൎക്കും പഞ്ഞിനൂൽകൊണ്ടു നെയ്ത്തുപണിയായ അങ്കിയും

28 പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും

29 പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി.

30 അവർ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.

31 അതു മുടിമേൽ കെട്ടേണ്ടതിന്നു അതിൽ നീലനൂൽനാട കോൎത്തു: യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

32 ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീൎന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നേ അവർ ചെയ്തു.

33 അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക,

34 അന്താഴം, തൂൺ, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,

35 സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു,

36 കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും,

37 കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും,

38 വെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവൎഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല,

39 താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ടു, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ,

40 പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവടു, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറു, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും,

41 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം

42 ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ എല്ലാപണിയും തീൎത്തു.

43 മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീൎത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.

Chapter 40

1 അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:

2 ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിൎക്കേണം.

3 സാക്ഷ്യപെട്ടകം അതിൽ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.

4 മേശ കൊണ്ടുവന്നു അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കേണം. നിലവിളക്കു കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.

5 ധൂപത്തിന്നുള്ള പൊൻപീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പിൽ വെച്ചു തിരുനിവാസവാതിലിന്റെ മറശ്ശീല തൂക്കേണം.

6 സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പിൽ ഹോമയാഗപീഠം വെക്കേണം.

7 സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ തൊട്ടി വെച്ചു അതിൽ വെള്ളം ഒഴിക്കേണം.

8 ചുറ്റും പ്രാകാരം നിവിൎത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.

9 അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അതു വിശുദ്ധമായിരിക്കേണം.

10 ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.

11 തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

12 അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.

13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,

15 എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവൎക്കു തലമുറതലമുറയോളം നിത്യപൌരോഹിത്യം ഉണ്ടായിരിക്കേണം.

16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു.

17 ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിൎത്തു.

18 മോശെ തിരുനിവാസം നിവിൎക്കുകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.

19 അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.

20 അവൻ സാക്ഷ്യം എടുത്തു പെട്ടകത്തിൽ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.

21 പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

22 സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.

23 അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

24 സമാഗമനകൂടാരത്തിൽ മേശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളക്കു വെക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;

25 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

26 സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുൻവശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേൽ സുഗന്ധധൂപവൎഗ്ഗം ധൂപിക്കയും ചെയ്തു;

27 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

28 അവൻ തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.

29 ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുൻവശത്തു വെക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അൎപ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

30 സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ അവൻ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതിൽ വെള്ളം ഒഴിക്കയും ചെയ്തു.

31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.

32 അവർ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.

33 അവൻ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.

34 അപ്പോൾ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.

35 മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാൻ കഴിഞ്ഞില്ല.

36 യിസ്രായേൽമക്കൾ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്നു ഉയരുമ്പോൾ യാത്ര പുറപ്പെടും.

37 മേഘം ഉയരാതിരുന്നാൽ അതു ഉയരുംനാൾവരെ അവർ യാത്രപുറപ്പെടാതിരിക്കും.

38 യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാൺകെ പകൽ സമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്തു അതിൽ അഗ്നിയും ഉണ്ടായിരുന്നു.