Chapter 1
1 ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു.
2 അഹസ്യാവു ശമൎയ്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽകൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു.
3 എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതു: നീ എഴുന്നേറ്റു ശമൎയ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ പോകുന്നതു?
4 ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
5 ദൂതന്മാർ മടങ്ങിവന്നാറെ അവൻ അവരോടു: നിങ്ങൾ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.
6 അവർ അവനോടു പറഞ്ഞതു: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടു: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിൻ എന്നു പറഞ്ഞു.
7 അവൻ അവരോടു: നിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.
8 അവൻ രോമവസ്ത്രം ധരിച്ചു അരെക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്നു അവർ അവനോടു പറഞ്ഞു. അവൻ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവൻ പറഞ്ഞു.
9 പിന്നെ രാജാവു അമ്പതുപേൎക്കു അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോടു: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
10 ഏലീയാവു അമ്പതുപേൎക്കു അധിപതിയായവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
11 അവൻ അമ്പതുപേൎക്കു അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവനും അവനോടു: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
12 ഏലീയാവു അവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
13 മൂന്നാമതും അവൻ അമ്പതുപേൎക്കു അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേൎക്കു അധിപതിയായവൻ ചെന്നു ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോടു: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.
14 ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേൎക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.
15 അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോടു: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു
16 അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.
17 ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവൻ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.
18 അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Chapter 2
1 യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വൎഗ്ഗത്തിലേക്കു എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവു എലീശയോടു കൂടെ ഗിൽഗാലിൽനിന്നു പുറപ്പെട്ടു.
2 ഏലീയാവു എലീശയോടു: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടു: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി.
3 ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ പുറത്തുവന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
4 ഏലീയാവു അവനോടു: എലീശയേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി.
5 യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
6 ഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോൎദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവൻ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി.
7 പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവൎക്കെതിരെ ദൂരത്തുനിന്നു; അവർ ഇരുവരും യോൎദ്ദാന്നരികെ നിന്നു.
8 അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.
9 അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.
10 അതിന്നു അവൻ: നീ പ്രയാസമുള്ള കാൎയ്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.
11 അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വൎഗ്ഗത്തിലേക്കു കയറി.
12 എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
13 പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോൎദ്ദാന്നരികെ നിന്നു.
14 ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
15 യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
16 അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.
17 അവർ അവനെ അത്യന്തം നിൎബ്ബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
18 അവൻ യെരീഹോവിൽ പാൎത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
19 അനന്തരം ആ പട്ടണക്കാർ എലീശയോടു: ഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗൎഭനാശകവും ആകുന്നു എന്നു പറഞ്ഞു.
20 അതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.
21 അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗൎഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
22 എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
23 പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
24 അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
25 അവൻ അവിടംവിട്ടു കൎമ്മേൽപൎവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമൎയ്യയിലേക്കു മടങ്ങിപ്പോന്നു.
Chapter 3
1 യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമൎയ്യയിൽ യിസ്രായേലിന്നു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു.
2 അവൻ യഹോവെക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.
3 എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെ പിടിച്ചു.
4 മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
5 എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു.
6 ആ കാലത്തു യെഹോരാംരാജാവു ശമൎയ്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
7 പിന്നെ അവൻ: മോവാബ്‌രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
8 നാം ഏതു വഴിയായി പോകേണം എന്നു അവൻ ചോദിച്ചതിന്നു: എദോംമരുഭൂമിവഴിയായി തന്നേ എന്നു അവൻ പറഞ്ഞു.
9 അങ്ങനെ യിസ്രായേൽരാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.
10 അപ്പോൾ യിസ്രായേൽരാജാവു: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
11 എന്നാൽ യഹോശാഫാത്ത്: നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേൽരാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
12 അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു.
13 എലീശാ യിസ്രായേൽ രാജാവിനോടു: എനിക്കും നിനക്കും തമ്മിൽ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേൽരാജാവു അവനോടു: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നു പറഞ്ഞു.
14 അതിന്നു എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാൻ ആദരിച്ചില്ല എങ്കിൽ ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;
15 എന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു.
16 അവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.
17 നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
18 ഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
19 നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലു വാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
20 പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
21 എന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‌വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നുനിന്നു.
22 രാവിലെ അവർ എഴുന്നേറ്റപ്പോൾ സൂൎയ്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യൎക്കു തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:
23 അതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളെക്കു വരുവിൻ എന്നു അവർ പറഞ്ഞു.
24 അവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.
25 പട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീൎഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
26 മോവാബ്‌രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധപാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.
27 ആകയാൽ അവൻ തന്റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
Chapter 4
1 പ്രവാചകശിഷ്യന്മാരുടെ ഭാൎയ്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭൎത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
2 എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.
3 അതിന്നു അവൻ: നീ ചെന്നു നിന്റെ അയല്ക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുതു.
4 പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകൎന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.
5 അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു.
6 പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
7 അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു.
8 ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിൎബ്ബന്ധിച്ചു. പിന്നെത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
9 അവൾ തന്റെ ഭൎത്താവിനോടു: നമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു.
10 നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാൎക്കാമല്ലോ എന്നു പറഞ്ഞു.
11 പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
12 അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു.
13 അവൻ അവനോടു: നീ ഇത്ര താല്പൎയ്യത്തോടെയൊക്കെയും ഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവൾ: ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.
14 എന്നാൽ അവൾക്കു വേണ്ടി എന്തുചെയ്യാമെന്നു അവൻ ചോദിച്ചതിന്നു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭൎത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.
15 അവളെ വിളിക്ക എന്നു അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതില്ക്കൽ വന്നുനിന്നു.
16 അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.
17 ആ സ്ത്രീ ഗൎഭംധരിച്ചു പിറ്റെ ആണ്ടിൽ എലീശാ അവളോടു പറഞ്ഞസമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
18 ബാലൻ വളൎന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.
19 അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോകഎന്നു പറഞ്ഞു.
20 അവൻ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
21 അപ്പോൾ അവൾ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടെച്ചു പുറത്തിറങ്ങി.
22 പിന്നെ അവൾ തന്റെ ഭൎത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
23 അതിന്നു അവൻ: ഇന്നു നീ അവന്റെ അടുക്കൽ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവൾ പറഞ്ഞു.
24 അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടു: നല്ലവണ്ണം തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിൎത്തരുതു എന്നു പറഞ്ഞു.
25 അവൾ ചെന്നു കൎമ്മേൽപൎവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തു കണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്നു അവളെ എതിരേറ്റു:
26 സുഖം തന്നേയോ? ഭൎത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവൾ പറഞ്ഞു.
27 അവൾ പൎവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.
28 ഞാൻ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്നു അവൾ പറഞ്ഞു.
29 ഉടനെ അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്തു പോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
30 എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റു അവളോടുകൂടെ പോയി.
31 ഗേഹസി അവൎക്കു മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണൎച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണൎന്നില്ല എന്നു അറിയിച്ചു.
32 എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു.
33 താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാൎത്ഥിച്ചു.
34 പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
35 അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
36 അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു.
37 അവൾ അകത്തുചെന്നു അവന്റെ കാല്ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടു പോയി.
38 അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാൎക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
39 ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
40 അവർ അതു ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ, കലത്തിൽ മരണം എന്നു പറഞ്ഞു.
41 അവൎക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
42 അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.
43 അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേൎക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
44 അങ്ങനെ അവൻ അവൎക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
Chapter 5
1 അരാംരാജാവിന്റെ സേനാപതിയായ നയമാൻമുഖാന്തരം യഹോവ അരാമിന്നു ജയം നല്കിയതുകൊണ്ടു അവന്റെ യജമാനൻ അവനെ മഹാനും മാന്യനും ആയി എണ്ണി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.
2 അരാമ്യർ കവൎച്ചപ്പടയായി വന്നിരുന്നപ്പോൾ യിസ്രായേൽദേശത്തുനിന്നു ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്റെ ഭാൎയ്യക്കു ശുശ്രൂഷ ചെയ്തുവന്നു.
3 അവൾ തന്റെ യജമാനത്തിയോടു: യജമാനൻ ശമൎയ്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.
4 അവൻ ചെന്നു തന്റെ യജമാനനോടു: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.
5 നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.
6 അവൻ യിസ്രായേൽരാജാവിന്റെ അടുക്കൽ എഴുത്തുംകൊണ്ടു ചെന്നു; അതിൽ: ഈ എഴുത്തു കൊണ്ടുവരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിന്നു ഞാൻ അവനെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു എഴുതിയിരുന്നു.
7 യിസ്രായേൽരാജാവു എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന്നു ഒരാളെ എന്റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‌വാൻ ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠെക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.
8 യിസ്രായേൽരാജാവു വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞതു എന്തു? അവൻ എന്റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടു എന്നു അവൻ അറിയും എന്നു പറയിച്ചു.
9 അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതില്ക്കൽ വന്നു നിന്നു.
10 എലീശാ ആളയച്ചു: നീ ചെന്നു യോൎദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
11 അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻ തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാൎത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു.
12 ദമ്മേശെക്കിലെ നദികളായ അബാനയും പൎപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി.
13 എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തു വന്നു അവനോടു: പിതാവേ, പ്രവാചകൻ വലിയോരുകാൎയ്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം എന്നു പറഞ്ഞു.
14 അപ്പോൾ അവൻ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോൎദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായ്തീൎന്നു.
15 പിന്നെ അവൻ തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കൽ മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്റെ കയ്യിൽ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.
16 അതിന്നു അവൻ: ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊൾവാൻ അവനെ നിൎബ്ബന്ധിച്ചിട്ടും അവൻ വാങ്ങിയില്ല.
17 അപ്പോൾ നയമാൻ: എന്നാൽ രണ്ടു കോവൎക്കഴുതച്ചുമടു മണ്ണു അടിയന്നു തരുവിക്കേണമേ; അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.
18 ഒരു കാൎയ്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാൎയ്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.
19 അവൻ അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു.
20 അവൻ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരൻ ഗേഹസി: അരാമ്യൻ നയമാൻ കൊണ്ടുവന്നതു എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു.
21 അങ്ങനെ അവൻ നയമാനെ പിന്തുടൎന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നേയോ എന്നു ചോദിച്ചു.
22 അതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൌവനക്കാർ എഫ്രയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവൎക്കു ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
23 ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിൎബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പിൽ നടന്നു.
24 കുന്നിന്നരികെ എത്തിയപ്പോൾ അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു.
25 പിന്നെ അവൻ അകത്തു കടന്നു യജമാനന്റെ മുമ്പിൽ നിന്നു. എന്നാറെ എലീശാ അവനോടു: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്നു അവൻ പറഞ്ഞു.
26 അതിന്നു അവൻ: ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം?
27 ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.
Chapter 6
1 പ്രവാചകശിഷ്യന്മാർ എലീശയോടു: ഞങ്ങൾ പാൎക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.
2 ഞങ്ങൾ യോൎദ്ദാനോളം ചെന്നു അവിടെനിന്നു ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാൎക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്നു അവൻ പറഞ്ഞു.
3 അവരിൽ ഒരുത്തൻ: ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവൻ പറഞ്ഞു.
4 അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോൎദ്ദാങ്കൽ എത്തി മരം മുറിച്ചു.
5 എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു.
6 അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.
7 അതു എടുത്തുകൊൾക എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതു എടുത്തു.
8 അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
9 എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.
10 ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേൽരാജാവു ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചതു.
11 ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.
12 അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാൎയ്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
13 നിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി.
14 അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു.
15 ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.
16 അതിന്നു അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.
17 പിന്നെ എലീശാ പ്രാൎത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.
18 അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാൎത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
19 എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമൎയ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
20 ശമൎയ്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമൎയ്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു.
21 യിസ്രായേൽരാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.
22 അതിന്നു അവൻ: വെട്ടിക്കളയരുതു; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവൎക്കു കൊടുക്കുക എന്നു പറഞ്ഞു.
23 അങ്ങനെ അവൻ അവൎക്കു വലിയോരു വിരുന്നു ഒരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.
24 അതിന്റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമൎയ്യയെ വളഞ്ഞു.
25 അവർ ശമൎയ്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
26 ഒരിക്കൽ യിസ്രായേൽരാജാവു മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോടു: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
27 അതിന്നു അവൻ: യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു.
28 രാജാവു പിന്നെയും അവളോടു: നിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഈ സ്ത്രീ എന്നോടു: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
29 അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോടു: നിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.
30 സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവു വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.
31 ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവൻ പറഞ്ഞു.
32 എലീശാ തന്റെ വീട്ടിൽ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോൾ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന്നു മുമ്പെ അവൻ മൂപ്പന്മാരോടു: എന്റെ തല എടുത്തുകളവാൻ ആ കുലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടെച്ചു വാതില്ക്കൽ അവനെ തടുത്തുകൊൾവിൻ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
33 അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; ഇതാ, ഈ അനൎത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.
Chapter 7
1 അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമൎയ്യയുടെ പടിവാതില്ക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
2 രാജാവിന്നു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോടു: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാൎയ്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു.
3 അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?
4 പട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാൎത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വെച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.
5 അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാണ്മാനില്ല.
6 കൎത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ടു അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേൽരാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
7 അതുകൊണ്ടു അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഓടിപ്പോയി.
8 ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചുവെച്ചു.
9 പിന്നെ അവർ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വൎത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.
10 അങ്ങനെ അവർ പട്ടണവാതില്ക്കൽ ചെന്നു കാവല്ക്കാരനെ വിളിച്ചു: ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേൾപ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.
11 അവൻ കാവല്ക്കാരെ വിളിച്ചു; അവർ അകത്തു രാജധാനിയിൽ അറിവുകൊടുത്തു.
12 രാജാവു രാത്രിയിൽ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടു: അരാമ്യർ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവർ അറിഞ്ഞിട്ടു: അവർ പട്ടണത്തിൽ നിന്നു പുറത്തുവരും; അപ്പോൾ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറെച്ചു അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
13 അതിന്നു അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.
14 അങ്ങനെ അവർ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: നിങ്ങൾ ചെന്നു നോക്കുവിൻ എന്നു കല്പിച്ചു.
15 അവർ യോൎദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുംകൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
16 അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.
17 രാജാവു തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയി.
18 നാളെ ഈ നേരത്തു ശമൎയ്യയുടെ പടിവാതില്ക്കൽ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷൻ രാജാവിനോടു പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോടു:
19 യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവൻ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.
20 അവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതില്ക്കൽവെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.
Chapter 8
1 അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടു: നീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.
2 ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.
3 ഏഴു സംവത്സരം കഴിഞ്ഞിട്ടു അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു.
4 അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ: എലീശാ ചെയ്ത വൻകാൎയ്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.
5 മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നേ അവൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നേ എന്നു പറഞ്ഞു.
6 രാജാവു സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.
7 അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്നു അരാംരാജാവായ ബെൻ-ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ടു എന്നു അവന്നു അറിവുകിട്ടി.
8 രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവൻമുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
9 അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യംവരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;
10 നീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
11 പിന്നെ അവന്നു ലജ്ജ തോന്നുവോളം അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.
12 യജമാനൻ കരയുന്നതു എന്തു എന്നു ഹസായേൽ ചോദിച്ചതിന്നു അവൻ: നീ യിസ്രായേൽമക്കളോടു ചെയ്‌വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുൎഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകൎക്കയും അവരുടെ ഗൎഭിണികളെ പിളൎക്കയും ചെയ്യും എന്നു പറഞ്ഞു.
13 ഈ മഹാകാൎയ്യം ചെയ്‌വാൻ നായായിരിക്കുന്ന അടിയൻ എന്തുമാത്രമുള്ളു എന്നു ഹസായേൽ പറഞ്ഞതിന്നു എലീശാ: നീ അരാമിൽ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
14 അവൻ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവൻ എന്നോടു പറഞ്ഞു എന്നു അവൻ ഉത്തരം പറഞ്ഞു.
15 പിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്തു വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ മരിച്ചുപോയി; ഹസായേൽ അവന്നുപകരം രാജാവായ്തീൎന്നു.
16 യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി.
17 അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
18 ആഹാബിന്റെ മകൾ അവന്നു ഭാൎയ്യയായിരുന്നതുകൊണ്ടു അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
19 എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.
20 അവന്റെ കാലത്തു എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
21 അപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഓടിപ്പോയി.
22 അങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
23 യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
24 യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
25 യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.
26 അഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
27 അവൻ ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്നു ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
28 അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‌വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
29 അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു യിസ്രെയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.
Chapter 9
1 എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതു: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.
2 അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്നു അവന്റെ സഹോദരന്മാരുടെ നടുവിൽനിന്നു അവനെ എഴുന്നേല്പിച്ചു ഉൾമുറിയിലേക്കു കൊണ്ടുപോക.
3 പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക.
4 അങ്ങനെ പ്രവാചകനായ ആ യൌവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.
5 അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ മരുമിച്ചു ഇരിക്കുന്നതു കണ്ടു: നായകാ, എനിക്കു നിന്നോടു ഒരു കാൎയ്യം അറിയിപ്പാനുണ്ടു എന്നു അവൻ പറഞ്ഞതിന്നു: ഞങ്ങൾ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവൻ ഉത്തരം പറഞ്ഞു.
6 അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോൾ അവൻ തൈലം അവന്റെ തലയിൽ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.
7 എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.
8 ആഹാബ് ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലിൽ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ ഛേദിച്ചുകളയും.
9 ഞാൻ ആഹാബ് ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
10 ഈസേബെലിനെ യിസ്രെയേൽപ്രദേശത്തുവെച്ചു നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‌വാൻ ആരും ഉണ്ടാകയില്ല. പിന്നെ അവൻ വാതിൽ തുറന്നു ഓടിപ്പോയി.
11 യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോൾ ഒരുത്തൻ അവനോടു: എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവൻ അവരോടു: നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാൎയ്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
12 എന്നാറെ അവർ: അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന്നു അവൻ: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാൎയ്യങ്ങൾ അവൻ എന്നോടു സംസാരിച്ചു എന്നു പറഞ്ഞു.
13 ഉടനെ അവർ ബദ്ധപ്പെട്ടു ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു.
14 അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേൽനിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.
15 അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യർ തനിക്കു ഏല്പിച്ച മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: നിങ്ങൾക്കു സമ്മതമെങ്കിൽ യിസ്രെയേലിൽ ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.
16 അങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
17 യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടു: ഞാൻ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവൻ ചെന്നു: സമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
18 അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാൎയ്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു.
19 അവൻ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാൎയ്യം? തിരിഞ്ഞു എന്റെ പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു.
20 അപ്പോൾ കാവല്ക്കാരൻ: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രാന്തനപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നതു എന്നു പറഞ്ഞു.
21 ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കൽവെച്ചു അവനെ എതിരേറ്റു.
22 യേഹൂവിനെ കണ്ടപ്പോൾ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
23 അപ്പോൾ യോരാം രഥം തിരിച്ചു ഓടിച്ചുകൊണ്ടു അഹസ്യാവോടു: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.
24 യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
25 യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതു: അവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോൾ:
26 നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുളപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഓൎത്തുകൊൾക; അവനെ എടുത്തു യഹോവയുടെ വചനപ്രകാരം തന്നേ ഈ നിലത്തിൽ എറിഞ്ഞുകളക.
27 യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടൎന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിൻ എന്നു കല്പിച്ചു. അവർ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂർകയറ്റത്തിങ്കൽവെച്ചു അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്കു ഓടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
28 അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽവെച്ചു യെരൂശലേമിലേക്കു കൊണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു.
29 ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവു യെഹൂദയിൽ രാജാവായതു.
30 യേഹൂ യിസ്രായേലിൽ വന്നതു ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതില്ക്കൽകൂടി നോക്കി.
31 യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
32 അവൻ തന്റെ മുഖം കിളിവാതില്ക്കലേക്കു ഉയൎത്തി: ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി.
33 അവളെ താഴെ തള്ളിയിടുവിൻ എന്നു അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ ചവിട്ടിക്കളഞ്ഞു.
34 അവൻ ചെന്നു ഭക്ഷിച്ചു പാനംചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‌വിൻ; അവൾ രാജകുമാരിയല്ലോ എന്നു പറഞ്ഞു.
35 അവർ അവളെ അടക്കം ചെയ്‌വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
36 അവർ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോൾ അവൻ: യിസ്രെയേൽപ്രദേശത്തുവെച്ചു നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
37 അതു ഈസേബെൽ എന്നു പറവാൻ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.
Chapter 10
1 ആഹാബിന്നു ശമൎയ്യയിൽ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാൎക്കും മൂപ്പന്മാൎക്കും ആഹാബിന്റെ പുത്രപാലകന്മാൎക്കും ശമൎയ്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാൽ:
2 നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
3 ആകയാൽ ഈ എഴുത്തു നിങ്ങളുടെ അടുക്കൽ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്‌വിൻ.
4 അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാൎക്കും അവനോടു എതിൎത്തുനില്പാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും എന്നു പറഞ്ഞു.
5 ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കൽ ആളയച്ചു: ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറയിച്ചു. അവൻ രണ്ടാമതും എഴുത്തു എഴുതിയതു: നിങ്ങൾ എന്റെ പക്ഷം ചേന്നു എന്റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലിൽ എന്റെ അടുക്കൽ കൊണ്ടുവരുവിൻ.
6 എന്നാൽ രാജകുമാരന്മാർ എഴുപതു പേരും തങ്ങളെ വളൎത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
7 ഈ എഴുത്തു അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തല കൊട്ടയിൽ ആക്കി യിസ്രെയേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
8 ഒരു ദൂതൻ വന്നു അവനോടു: അവർ രാജകുമാരന്മാരുടെ തലകൊണ്ടുവന്നിരിക്കുന്നു എന്നു അറിയിച്ചു. അവയെ പടിപ്പുരവാതില്ക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വെച്ചേക്കുവിൻ എന്നു അവൻ കല്പിച്ചു.
9 പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്നു സൎവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നതു ആർ?
10 ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊൾവിൻ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവൎത്തിച്ചിരിക്കുന്നുവല്ലോ.
11 അങ്ങനെ യേഹൂ യിസ്രെയേലിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ ഒക്കെയും അവന്റെ സകലമഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
12 പിന്നെ അവൻ പുറപ്പെട്ടു ശമൎയ്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോൾ യോഹൂ
13 യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‌വാൻ പോകയാകുന്നു എന്നു അവർ പറഞ്ഞു.
14 അപ്പോൾ അവൻ: അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കൽവെച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
15 അവൻ അവിടെനിന്നു പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടു: എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേൎന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാൎത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.
16 നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാൺക എന്നു അവൻ പറഞ്ഞു; അങ്ങനെ അവനെ രഥത്തിൽ കയറ്റി അവർ ഓടിച്ചുപോയി.
17 ശമൎയ്യയിൽ എത്തിയപ്പോൾ അവൻ ശമൎയ്യയിൽ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
18 പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടു: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.
19 ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുതു; ഞാൻ ബാലിന്നു ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
20 ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ ഘോഷിച്ചു.
21 യേഹൂ യിസ്രായേൽ ദേശത്തു എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകലപൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങി നിറഞ്ഞു.
22 അവൻ വസ്ത്രവിചാരകനോടു: ബാലിന്റെ സകലപൂജകന്മാൎക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്നു കൊടുത്തു.
23 പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്നു ബാലിന്റെ പൂജകന്മാരോടു: ബാലിന്റെ പൂജകന്മാർ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാർ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞുനോക്കുവിൻ എന്നു കല്പിച്ചു.
24 അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാൻ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതുപേരെ നിൎത്തി: ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തൻ ചാടിപ്പോയാൽ അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവൻ ആയിരിക്കും എന്നു കല്പിച്ചു.
25 ഹോമയാഗം കഴിച്ചുതീൎന്നപ്പോൾ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്നു അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്നു
26 ബാൽക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.
27 അവർ ബാൽസ്തംഭത്തെ തകൎത്തു ബാൽക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീൎത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
28 ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
29 എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.
30 യഹോവ യേഹൂവിനോടു: എനിക്കു ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബുഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്നു അരുളിച്ചെയ്തു.
31 എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂൎണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
32 ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
33 അവൻ യോൎദ്ദാന്നു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അൎന്നോൻതോട്ടിന്നരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.
34 യേഹൂവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
35 യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമൎയ്യയിൽ അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന്നു പകരം രാജാവായി.
36 യേഹൂ ശമൎയ്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.
Chapter 11
1 അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
2 എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാൻ ഇടയായില്ല.
3 അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു.
4 ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ചു കാൎയ്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോടു സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവെച്ചു സത്യം ചെയ്യിച്ചിട്ടു അവൎക്കു രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാൽ:
5 നിങ്ങൾ ചെയ്യേണ്ടുന്ന കാൎയ്യം ആവിതു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും
6 മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതില്ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.
7 ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.
8 നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാർ ചെയ്തു;
9 അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിൽ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.
10 പുരോഹിതൻ ദാവീദ് രാജാവിന്റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാൎക്കു കൊടുത്തു.
11 അകമ്പടികൾ ഒക്കെയും കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.
12 അവൻ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആൎത്തു.
13 അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
14 ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.
15 അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാൎക്കു കല്പന കൊടുത്തു; അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.
16 അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവൾ കുതിരവാതിൽ വഴിയായി രാജധാനിയിൽ എത്തിയപ്പോൾ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.
17 അനന്തരം അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവെക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു.
18 പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാൎയ്യവിചാരകന്മാരെയും നിയമിച്ചു.
19 അവൻ ശതാധിപന്മാരെയും കാൎയ്യരെയും അകമ്പടികളെയും ദേശത്തെ സകലജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നു ഇറക്കി അകമ്പടികളുടെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവൻ രാജാസനം പ്രാപിച്ചു.
20 ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ രാജധാനിക്കരികെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു.
21 യെഹോവാശ് രാജാവായപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു.
Chapter 12
1 യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവൻ യെരൂശലേമിൽ നാല്പതു സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.
2 യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവെക്കു ഇഷ്ടമായുള്ളതു ചെയ്തു.
3 എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
4 യെഹോവാശ് പുരോഹിതന്മാരോടു: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
5 ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീൎക്കേണം എന്നു കല്പിച്ചു.
6 എന്നാൽ യെഹോവാശ്‌രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീൎത്തിട്ടില്ലായിരുന്നു.
7 ആകയാൽ യെഹോവാശ്‌രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടു: നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീൎക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീൎക്കേണ്ടതിന്നു അതു കൊടുപ്പിൻ എന്നു പറഞ്ഞു.
8 അങ്ങനെ പുരോഹിതന്മാർ തങ്ങൾ മേലാൽ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീൎക്കാതിരിപ്പാനും സമ്മതിച്ചു.
9 അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതിൽ ഇടും.
10 പെട്ടകത്തിൽ ദ്രവ്യം വളരെയായി എന്നു കാണുമ്പോൾ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും.
11 അവർ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അതു യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന ആശാരിമാൎക്കും ശില്പികൾക്കും
12 കല്പണിക്കാൎക്കും കല്ലുവെട്ടുകാൎക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീൎപ്പാൻ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീൎപ്പാൻ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
13 യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
14 പണിചെയ്യുന്നവൎക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീൎക്കും.
15 എന്നാൽ പണിചെയ്യുന്നവൎക്കു കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവൎത്തിച്ചുപോന്നതു.
16 അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാൎക്കുള്ളതായിരുന്നു.
17 ആ കാലത്തു അരാംരാജാവായ ഹസായേൽ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
18 ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാംരാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവൻ യെരൂശലേമിനെ വിട്ടുപോയി.
19 യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20 യോവാശിന്റെ ഭൃത്യന്മാർ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോ ഗൃഹത്തിൽവെച്ചു അവനെ കൊന്നു.
21 ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീൎന്നു.
Chapter 13
1 യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ പതിനേഴു സംവത്സരം വാണു.
2 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.
3 ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.
4 എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.
5 യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
6 എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങളെ അവർ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമൎയ്യയിൽ നീക്കം വന്നില്ല.
7 അവൻ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
8 യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
9 യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമൎയ്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന്നു പകരം രാജാവായി.
10 യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ പതിനൊന്നു സംവത്സരം വാണു.
11 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.
12 യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
13 യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമൎയ്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
14 ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
15 എലീശാ അവനോടു: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.
16 അപ്പോൾ അവൻ യിസ്രായേൽരാജാവിനോടു നിന്റെ കൈ വില്ലിന്മേൽവെക്ക എന്നു പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
17 കിഴക്കെ കിളിവാതിൽ തുറക്ക എന്നു അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവൻ: അതു യഹോവയുടെ ജയാസ്ത്രം, അരാമ്യൎക്കു നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
18 അമ്പു എടുക്ക എന്നു അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്നു അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിൎത്തി.
19 അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.
20 എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കംചെയ്തു; പിറ്റെ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.
21 ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
22 എന്നാൽ യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.
23 യഹോവെക്കു അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമംനിമിത്തം അവൻ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന്നു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കളഞ്ഞതുമില്ല.
24 അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന്നു പകരം രാജാവായി.
25 യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.
Chapter 14
1 യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു രാജാവായി.
2 അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ.
3 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ ഒക്കെയും അവൻ ചെയ്തു.
4 എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.
5 രാജത്വം അവന്നു സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
6 എന്നാൽ പുത്രന്മാൎക്കു പകരം പിതാക്കന്മാരും പിതാക്കന്മാൎക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
7 അവൻ ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനായിരംപേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
8 ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.
9 അതിന്നു യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതു: ലെബാനോനിലെ മുൾപ്പടൎപ്പു ലെബാനോനിലെ ദേവദാരുവോടു: നിന്റെ മകളെ എന്റെ മകന്നു ഭാൎയ്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുൾപ്പടൎപ്പിനെ ചവിട്ടിക്കളഞ്ഞു.
10 എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടിൽ ഇരുന്നുകൊൾക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനൎത്ഥത്തിൽ ചെന്നു ചാടുന്നതു എന്തിന്നു? എന്നാൽ അമസ്യാവു കേട്ടില്ല.
11 ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
12 യെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി.
13 അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
14 അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരണങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമൎയ്യയിലേക്കു മടങ്ങിപ്പോയി.
15 യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
16 പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമൎയ്യയിൽ യിസ്രായേൽരാജാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.
17 യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
18 അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19 യെരൂശലേമിൽ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവൻ ലാഖീശിലേക്കു ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
20 അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
21 യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസൎയ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
22 രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.
23 യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി ശമൎയ്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.
24 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
25 ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
26 യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,
27 യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.
28 യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
29 യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖൎയ്യാവു അവന്നു പകരം രാജാവായി.
Chapter 15
1 യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസൎയ്യാവു രാജാവായി.
2 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേർ.
3 അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
4 എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപൎയ്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാൎത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
6 അസൎയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
7 അസൎയ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
8 യെഹൂദാരാജാവായ അസൎയ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖൎയ്യാവു യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ ആറു മാസം വാണു.
9 അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
10 യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
11 സെഖൎയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
12 യഹോവ യേഹൂവോടു: നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
13 യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമൎയ്യയിൽ ഒരു മാസം വാണു.
14 എന്നാൽ ഗാദിയുടെ മകനായ മെനഹേം തിസ്സയിൽനിന്നു പുറപ്പെട്ടു ശമൎയ്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമൎയ്യയിൽവെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
15 ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
16 മെനഹേം തിപ്സഹും അതിലുള്ള സകലവും തിൎസ്സാതൊട്ടു അതിന്നു ചേൎന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗൎഭിണികളെയൊക്കെയും പിളൎന്നുകളകയും ചെയ്തു.
17 യെഹൂദാരാജാവായ അസൎയ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടിൽ ഗാദിയുടെ മകൻ മെനഹേം യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ പത്തു സംവത്സരം വാണു.
18 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപൎയ്യന്തം വിട്ടുമാറിയതുമില്ല.
19 അശ്ശൂർ രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളി കൊടുത്തു.
20 അശ്ശൂർ രാജാവിന്നു കൊടുപ്പാൻ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂർരാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
21 മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
22 മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
23 യെഹൂദാരാജാവായ അസൎയ്യാവിന്റെ അമ്പതാം ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ രണ്ടു സംവത്സരം വാണു.
24 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
25 എന്നാൽ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരിൽ അമ്പതുപേരെ തുണകൂട്ടി ശമൎയ്യാരാജധാനിയുടെ കോട്ടയിൽവെച്ചു അവനെ അൎഗ്ഗോബിനോടും അൎയ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
26 പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
27 യെഹൂദാരാജാവായ അസൎയ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ ഇരുപതു സംവത്സരം വാണു.
28 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
29 യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്നു ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
30 എന്നാൽ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
31 പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
32 യിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകൻ യോഥാം രാജാവായി.
33 അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു.
34 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.
35 എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതിൽ പണിതു.
36 യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
37 ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.
38 യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.
Chapter 16
1 രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
2 ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്റെ ദൈവമായ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.
3 അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
4 അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാൻ അവൎക്കു കഴിഞ്ഞില്ല.
6 അന്നു അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേൎത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു; അരാമ്യർ ഏലത്തിൽ വന്നു ഇന്നുവരെയും അവിടെ പാൎക്കുന്നു.
7 ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിൎത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
8 അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂർരാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
9 അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
10 ആഹാസ് രാജാവു അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേല്പാൻ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ് രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
11 ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കിൽനിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ് രാജാവു ദമ്മേശെക്കിൽനിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതൻ അതു പണിതിരുന്നു.
12 രാജാവു ദമ്മേശെക്കിൽനിന്നു വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കൽ ചെന്നു അതിന്മേൽ കയറി.
13 ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകൎന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
14 യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻവശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
15 ആഹാസ് രാജാവു ഊരീയാപുരോഹിതനോടു കല്പിച്ചതു: മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാൻ ആലോചിച്ചു കൊള്ളാം.
16 ആഹാസ് രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതൻ ചെയ്തു.
17 ആഹാസ് രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെമേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വെച്ചു.
18 ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂർരാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.
19 ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20 ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവു അവന്നു പകരം രാജാവായി.
Chapter 17
1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ ഒമ്പതു സംവത്സരം വാണു.
2 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും.
3 അവന്റെ നേരെ അശ്ശൂർ രാജാവായ ശൽമനേസെർ പുറപ്പെട്ടുവന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീൎന്നു കപ്പം കൊടുത്തുവന്നു.
4 എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കയും അശ്ശൂർരാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർ രാജാവു അവനിൽ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തിൽ ആക്കി.
5 അശ്ശൂർരാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമൎയ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.
6 ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവു ശമൎയ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാൎപ്പിച്ചു.
7 യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും
8 യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.
9 യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി കൊള്ളരുതാത്ത കാൎയ്യങ്ങളെ രഹസ്യമായി ചെയ്തു കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു.
10 അവർ ഉയൎന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
11 യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാൎയ്യങ്ങളെ പ്രവൎത്തിച്ചു.
12 ഈ കാൎയ്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു.
13 എന്നാൽ യഹോവ സകലപ്രവാചകന്മാരും ദൎശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുൎമ്മാൎഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു.
14 എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
15 അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടൎന്നു വ്യൎത്ഥന്മാരായിത്തീൎന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവർ പിന്തുടൎന്നു.
16 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാൎപ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സൎവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
17 അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‌വാൻ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.
18 അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
19 യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചുനടന്നു.
20 ആകയാൽ യഹോവ യിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യിൽ ഏല്പിച്ചു, ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.
21 അവൻ യിസ്രായേലിനെ ദാവീദുഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
22 അങ്ങനെ യിസ്രായേൽമക്കൾ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.
23 അവർ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരുംമുഖാന്തരം അരുളിച്ചെയ്തപ്രകാരം ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.
24 അശ്ശൂർരാജാവു ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫൎവ്വയീം എന്നിവിടങ്ങളിൽനിന്നു ആളുകളെ വരുത്തി യിസ്രായേൽമക്കൾക്കു പകരം ശമൎയ്യാപട്ടണങ്ങളിൽ പാൎപ്പിച്ചു; അവർ ശമൎയ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാൎത്തു.
25 അവർ അവിടെ പാൎപ്പാൻ തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു.
26 അപ്പോൾ അവർ അശ്ശൂർ രാജാവിനെ അറിയിച്ചതു: നീ കുടിനീക്കി ശമൎയ്യാപട്ടണങ്ങളിൽ പാൎപ്പിച്ച ജാതികൾ ആദേശത്തിലെ ദൈവത്തിന്റെ മാൎഗ്ഗം അറിയായ്കകൊണ്ടു അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാൎഗ്ഗം അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു.
27 അതിന്നു അശ്ശൂർ രാജാവു: നിങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിൻ; അവർ ചെന്നു അവിടെ പാൎക്കയും അവർ ആ ദേശത്തെ ദൈവത്തിന്റെ മാൎഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.
28 അങ്ങനെ അവർ ശമൎയ്യയിൽനിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരുത്തൻ വന്നു ബേഥേലിൽ പാൎത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവൎക്കു ഉപദേശിച്ചുകൊടുത്തു.
29 എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഓരോ ജാതി പാൎത്തുവന്ന പട്ടണങ്ങളിൽ ശമൎയ്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.
30 ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി;
31 അവ്വക്കാർ നിബ്ഹസിനെയും തൎത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫൎവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
32 അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽനിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവൎക്കു വേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗംകഴിക്കയും ചെയ്യും.
33 അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ വിട്ടു പുറപ്പെട്ടുപോന്ന ജാതികളുടെ മൎയ്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
34 ഇന്നുവരെയും അവർ മുമ്പിലത്തെ മൎയ്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാൎഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേൽ എന്നു പേർവിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.
35 യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവെക്കു യാഗം കഴിക്കയും ചെയ്യാതെ
36 നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗം കഴിക്കയും വേണം.
37 അവൻ നിങ്ങൾക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
38 ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുതു; അന്യദൈവങ്ങളെ ഭജിക്കയുമരുതു.
39 നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യിൽനിന്നു വിടുവിക്കും.
40 എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മൎയ്യാദ അനുസരിച്ചുനടന്നു.
41 അങ്ങനെ ഈ ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.
Chapter 18
1 യിസ്രായേൽരാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകൻ ഹിസ്കീയാവു രാജാവായി.
2 അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേർ; അവൾ സെഖൎയ്യാവിന്റെ മകൾ ആയിരുന്നു.
3 അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
4 അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകൎത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസൎപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാൻ എന്നു പേരായിരുന്നു.
5 അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകലയെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.
6 അവൻ യഹോവയോടു ചേൎന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.
7 യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവൻ ചെന്നേടത്തൊക്കെയും കൃതാൎത്ഥനായ്‌വന്നു; അവൻ അശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.
8 അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
9 യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമൎയ്യയുടെ നേരെ പുറപ്പെട്ടുവന്നു അതിനെ നിരോധിച്ചു.
10 മൂന്നു സംവത്സരം കഴിഞ്ഞശേഷം അവർ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നേ, ശമൎയ്യ പിടിക്കപ്പെട്ടു.
11 അശ്ശൂർരാജാവു യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാൻനദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാൎപ്പിച്ചു.
12 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാൽ തന്നേ; അവർ അതു കേൾക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
13 യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടിൽ അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
14 അപ്പോൾ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുക്കൽ ആളയച്ചു: ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാൻ അടെച്ചുകൊള്ളാം എന്നു പറയിച്ചു. അശ്ശൂർരാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.
15 ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.
16 ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താൻ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂർരാജാവിന്നു കൊടുത്തയച്ചു.
17 എങ്കിലും അശ്ശൂർരാജാവു തൎത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്നു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവർ പുറപ്പെട്ടു യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോൾ അവർ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.
18 അവർ രാജാവിനെ വിളിച്ചപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു.
19 റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടതു: മഹാരാജാവായ അശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
20 യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?
21 ചതെഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേൽ ഒരുത്തൻ ഊന്നിയാൽ അതു അവന്റെ ഉള്ളംകയ്യിൽ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവൎക്കും അങ്ങനെ തന്നേയാകുന്നു.
22 അല്ല, നിങ്ങൾ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചതു.
23 ആകട്ടെ എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാൻ കഴിയുമെങ്കിൽ ഞാൻ നിനക്കു രണ്ടായിരം കുതിരയെ തരാം.
24 നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകൎക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.
25 ഞാൻ ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
26 അപ്പോൾ ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജനം കേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.
27 റബ്-ശാക്കേ അവരോടു: നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‌വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.
28 അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്കു കേൾപ്പിൻ.
29 രാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ അവന്നു കഴികയില്ല.
30 യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.
31 ഹിസ്കീയാവിന്നു നിങ്ങൾ ചെവികൊടുക്കരുതു; അശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നിങ്ങൾ എന്നോടു സന്ധി ചെയ്തു എന്റെ അടുക്കൽ പുറത്തു വരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ.
32 പിന്നെ ഞാൻ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു.
33 ജാതികളുടെ ദേവന്മാർ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
34 ഹമാത്തിലെയും അൎപ്പാദിലെയും ദേവന്മാർ എവിടെ? സെഫൎവ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാർ എവിടെ? ശമൎയ്യയെ അവർ എന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
35 യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകലദേവന്മാരിലുംവെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽനിന്നു വിടുവിച്ചുവോ?
36 എന്നാൽ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.
37 ഹില്ക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
Chapter 19
1 ഹിസ്കീയാരാജാവു അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.
2 പിന്നെ അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.
3 അവർ അവനോടു പറഞ്ഞതു: ഹിസ്കീയാവു ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
4 ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവൎക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.
5 ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ യെശയ്യാവു അവരോടു പറഞ്ഞതു:
6 നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ.
7 ഞാൻ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാൾകൊണ്ടു വീഴുമാറാക്കും.
8 റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂർരാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാഖീശ് വിട്ടുപോയി എന്നു അവൻ കേട്ടിരുന്നു.
9 കൂശ്‌രാജാവായ തിർഹാക്ക തന്റെ നേരെ യുദ്ധം ചെയ്‌വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ:
10 നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതു: യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
11 അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവെക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?
12 ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?
13 ഹമാത്ത് രാജാവും അൎപ്പാദ് രാജാവും സെഫൎവ്വയീംപട്ടണം ഹേന ഇവ്വ എന്നവെക്കു രാജാവായിരുന്നവനും എവിടെ?
14 ഹിസ്കീയാവു ദൂതന്മാരുടെ കയ്യിൽനിന്നു എഴുത്തു വാങ്ങി വായിച്ചു: ഹിസ്കീയാവു യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടൎത്തു.
15 ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാൎത്ഥിച്ചുപറഞ്ഞതു എന്തെന്നാൽ: കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
16 യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ അയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കു കേൾക്കേണമേ.
17 യഹോവേ, അശ്ശൂർരാജാക്കന്മാർ ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യം തന്നേ.
18 അവരുടെ ദേവന്മാരെ അവർ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവർ അവയെ നശിപ്പിച്ചുകളഞ്ഞു.
19 ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.
20 ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബിൻനിമിത്തം എന്നോടു പ്രാൎത്ഥിച്ചതു ഞാൻ കേട്ടു.
21 അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതു: സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.
22 നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആൎക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയൎത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നേയല്ലോ.
23 നിന്റെ ദൂതന്മാർമുഖാന്തരം നീ കൎത്താവിനെ നിന്ദിച്ചു: എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ പാൎപ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും.
24 ഞാൻ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.
25 ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂൎവ്വകാലത്തു തന്നേ അതിനെ നിൎമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
26 അതുകൊണ്ടു അവയിലെ നിവാസികൾ ദുൎബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീൎന്നു.
27 എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.
28 എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കുന്നതുകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടുപോകും.
29 എന്നാൽ ഇതു നിനക്കു അടയാളം ആകും; നിങ്ങൾ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുൎത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
30 യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായിക്കും.
31 ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻപൎവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.
32 അതുകൊണ്ടു യഹോവ അശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.
33 അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
34 എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
35 അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരംപേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
36 അങ്ങനെ അശ്ശൂർരാജാവായ സൻഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാൎത്തു.
37 അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാൾകൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെർ-ഹദ്ദോൻ അവന്നു പകരം രാജാവായ്തീൎന്നു.
Chapter 20
1 ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാൎയ്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
2 അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാൎത്ഥിച്ചു:
3 അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓൎക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
4 എന്നാൽ യെശയ്യാവു നടുമുറ്റം വിട്ടുപോകുംമുമ്പെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
5 നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാൎത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
6 ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.
7 പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൌഖ്യമായി.
8 ഹിസ്കീയാവു യെശയ്യാവോടു: യഹോവ എന്നെ സൌഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.
9 അതിന്നു യെശയ്യാവു: യഹോവ അരുളിച്ചെയ്ത കാൎയ്യം നിവൎത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കൽനിന്നു ഇതു നിനക്കു അടയാളം ആകും: നിഴൽ പത്തു പടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.
10 അതിന്നു ഹിസ്കീയാവു: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.
11 അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂൎയ്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
12 ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.
13 ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവൎഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
14 എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.
15 അവർ രാജധാനയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവൎക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.
16 യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതു: യഹോവയുടെ വചനം കേൾക്ക:
17 രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.
18 നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
19 അതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.
20 ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
21 ഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
Chapter 21
1 മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ.
2 എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
3 തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സൎവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
4 യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
5 യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സൎവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു;
6 അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂൎത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.
7 ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.
8 ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാൎക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.
9 എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
10 ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:
11 യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോൎയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവൎത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും
12 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനൎത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.
13 ഞാൻ യെരൂശലേമിന്മേൽ ശമൎയ്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.
14 എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവൎച്ചയും കൊള്ളയും ആയ്തീരും.
15 അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.
16 അത്രയുമല്ല, യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.
17 മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
18 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.
19 ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേർ; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.
20 അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു;
21 തന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.
22 അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.
23 എന്നാൽ ആമോന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു;
24 എന്നാൽ ദേശത്തെ ജനം ആമോൻരാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.
25 ആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
26 ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നു പകരം രാജാവായി.
Chapter 22
1 യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേർ; അവൾ ബൊസ്കത്ത് കാരനായ അദായാവിന്റെ മകൾ ആയിരുന്നു.
2 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
3 യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാൻ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാൽ:
4 നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽകാവല്ക്കാർ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവൻ കണക്കുനോക്കട്ടെ.
5 അവർ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീൎക്കേണ്ടതിന്നു
6 അതിൽ പണി ചെയ്യുന്ന ആശാരികൾക്കും ശില്പികൾക്കും കല്പണിക്കാൎക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ.
7 എന്നാൽ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവർ വിശ്വാസത്തിന്മേലല്ലോ പ്രവൎത്തിക്കുന്നതു.
8 മഹാപുരോഹിതനായ ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു.
9 രായസക്കാരനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിനോടു: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു.
10 ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാൻ രാജാവിനോടു ബോധിപ്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
11 രാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;
12 രാജാവു പുരോഹിതനായ ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:
13 നിങ്ങൾ ചെന്നു, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും ജനത്തിന്നും എല്ലായെഹൂദെക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; നമുക്കു വേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാൻ തക്കവണ്ണം നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേൾക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.
14 അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അൎഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാൎയ്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാൎത്തിരുന്നു--അവളോടു സംസാരിച്ചു.
15 അവൾ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ:
16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനൎത്ഥം വരുത്തും.
17 അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാൎക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അതു കെട്ടുപോകയുമില്ല.
18 എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
19 അവർ സ്തംഭനത്തിന്നും ശാപത്തിന്നും വിഷയമായിത്തീരുമെന്നു ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
20 അതുകൊണ്ടു ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേൎത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നു വരുത്തുവാൻപോകുന്ന അനൎത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവർ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.
Chapter 23
1 അനന്തരം രാജാവു ആളയച്ചു; അവർ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി.
2 രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവർ കേൾക്കെ അവൻ വായിച്ചു.
3 രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവൎത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു.
4 രാജാവു മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സൎവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോൻപ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
5 യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂൎയ്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സൎവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.
6 അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിന്നു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്വീതിയിൽവെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു.
7 സ്ത്രീകൾ അശേരെക്കു കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു.
8 അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു.
9 എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
10 ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെൻ-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.
11 യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂൎയ്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂൎയ്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
12 യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകൎത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
13 യെരൂശലേമിന്നെതിരെ നാശപൎവ്വതത്തിന്റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
14 അവൻ വിഗ്രഹസ്തംഭങ്ങളെ തകൎത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറെച്ചു.
15 അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
16 എന്നാൽ യോശീയാവു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകൾ കണ്ടിട്ടു ആളയച്ചു കല്ലറകളിൽനിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാൎയ്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.
17 ഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവൻ ചോദിച്ചു. അതിന്നു ആ പട്ടണക്കാർ അവനോടു: അതു യെഹൂദയിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാൎയ്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു.
18 അപ്പോൾ അവൻ: അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവർ അവന്റെ അസ്ഥികളെയും ശമൎയ്യയിൽനിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.
19 യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേൽരാജാക്കന്മാർ ശമൎയ്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലിൽ അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.
20 അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെ മേൽ മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ടു യെരൂശലേമിലക്കു മടങ്ങിപ്പോന്നു.
21 അനന്തരം രാജാവു സകലജനത്തോടും: ഈ നിയമപുസ്കത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പിൻ എന്നു കല്പിച്ചു.
22 യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതല്ക്കും യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.
23 യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവെക്കു ഈ പെസഹ ആചരിച്ചു.
24 ഹില്ക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ വാക്യങ്ങളെ നിവൎത്തിപ്പാൻ തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.
25 അവനെപ്പോലെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.
26 എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ:
27 ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയിൽനിന്നു നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
28 യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
29 അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവൻ അവനെ കണ്ടിട്ടു മെഗിദ്ദോവിൽവെച്ചു കൊന്നുകളഞ്ഞു.
30 അവന്റെ ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നു പകരം രാജാവാക്കി.
31 യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
32 അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
33 അവൻ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന്നു ഫറവോൻ-നെഖോ ഹമാത്ത് ദേശത്തിലെ രിബ്ലയിൽവെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.
34 ഫറവോൻ-നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവൻ കൊണ്ടുപോയി; അവൻ മിസ്രയീമിൽ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
35 ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവൻ ദേശത്തു വരിയിട്ടു; അവൻ ദേശത്തെ ജനത്തിൽ ഓരോരുത്തന്റെയും പേരിൽ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോൻ-നെഖോവിന്നു കൊടുത്തു.
36 യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേർ; അവൾ രൂമക്കാരനായ പെദായാവിന്റെ മകൾ ആയിരുന്നു.
37 അവൻ തന്റെ പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
Chapter 24
1 അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ്നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോൾ യഹോവ കൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു;
2 പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
3 മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളവാൻ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവൎക്കു ഭവിച്ചു.
4 അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.
5 യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
6 യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന്നു പകരം രാജാവായി.
7 മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതൽ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
8 യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.
9 അവൻ തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
10 ആ കാലത്തു ബാബേൽരാജാവായ നെബൂഖദുനേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
11 ഇങ്ങനെ ഭൃത്യന്മാർ നിരോധിച്ചിരിക്കുമ്പോൾ ബാബേൽ രാജാവായ നെബൂഖദുനേസരും നഗരത്തിന്റെ നേരെ വന്നു.
12 യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.
13 അവൻ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടുപോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഖണ്ഡിച്ചുകളഞ്ഞു.
14 എല്ലാ യെരൂശലേമ്യരെയും സകലപ്രഭുക്കന്മാരും സകലപരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവൻ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്തു എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല.
15 യെഹോയാഖീനെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാൎയ്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയി.
16 സകലബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകലവീരന്മാരെയും ബാബേൽരാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
17 അവന്നു പകരം ബാബേൽരാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേർ മാറ്റിയിട്ടു.
18 സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
19 യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
20 യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബേൽരാജാവിനോടു മത്സരിച്ചു.
Chapter 25
1 അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൎവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.
2 സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
3 നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി.
4 അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ചു കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകൾക്കും മദ്ധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
5 എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടൎന്നു യെരീഹോസമഭൂമിയിൽവെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.
6 അവർ രാജാവിനെ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവന്നു വിധി കല്പിച്ചു.
7 അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാങ്കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.
8 അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാൻ യെരൂശലേമിൽവന്നു.
9 അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീവെച്ചു ചുട്ടുകളഞ്ഞു.
10 അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.
11 നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.
12 എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.
13 യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
14 കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി.
15 തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകൻ കൊണ്ടുപോയി.
16 ശലോമോൻ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെയുള്ള സകലഉപകരണങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
17 ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
18 അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
19 നഗരത്തിൽനിന്നു അവൻ യോദ്ധാക്കളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട ദേശത്തെ ജനത്തിൽ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
20 ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ചു രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
21 ബാബേൽരാജാവു ഹാമത്ത് ദേശത്തിലെ രിബ്ലയിൽവെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പോകേണ്ടിവന്നു.
22 ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
23 ബാബേൽരാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവു, മാഖാത്യന്റെ മകൻ യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു.
24 ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു അവരോടു: നിങ്ങൾ കൽദയരുടെ ദാസന്മാർനിമിത്തം ഭയപ്പെടരുതു; ദേശത്തു പാൎത്തു ബാബേൽ രാജാവിനെ സേവിപ്പിൻ; അതു നിങ്ങൾക്കു നന്മയായിരിക്കും.
25 എന്നാൽ ഏഴാംമാസത്തിൽ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേൽ പത്തു ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പെയിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു.
26 അപ്പോൾ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
27 യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേൽരാജാവായ എവീൽ-മെരോദക്ക് താൻ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽനിന്നു വിടുവിച്ചു
28 അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായി വെച്ചു;
29 അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപൎയ്യന്തം നിത്യം അവന്റെ സന്നിധിയിൽ ഭക്ഷണംകഴിച്ചു പോന്നു.
30 അവന്റെ അഹോവൃത്തിയോ, രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.